ad
Deshabhimani

കേന്ദ്രം ബുദ്ധിമുട്ടിച്ചിട്ടും ഇവിടെ ഒന്നും നിന്നുപോയിട്ടില്ല; സ്വന്തം പാർടിക്കാർ പോലും പ്രതിപക്ഷത്തെ വിശ്വസിക്കില്ല: ധനമന്ത്രി

K N Balagopal Niyamasabha

കെ എൻ ബാല​ഗോപാൽ

വെബ് ഡെസ്ക്

Published on Sep 29, 2025, 04:29 PM | 2 min read

തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി സർക്കാർ സാമ്പത്തികമായി പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങൾ ഒന്നും തന്നെ നിന്നുപോയില്ലെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പലവിധത്തിൽ അർ​ഹമായ തുക വെട്ടിക്കുറച്ചിട്ടും സർക്കാർ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടുപോയില്ലെന്ന് മാത്രമല്ല, 50 ശതമാനം മൂലധന ചെലവ് വർധിക്കുകയും ചെയ്തു. സംസ്ഥാനത്തെ സാമ്പത്തിതിക സ്ഥിതിയെ സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.


കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നുള്ള പ്രതിപക്ഷ ആരോപണം സ്വന്തം പാർടിക്കാർ പോലും വിശ്വസിക്കില്ല. സംസ്ഥാനത്തെ ആകെ ബജറ്റിന്റെ ചെലവ് ഒന്നാം പിണറായി സർക്കാരിന്റെ 1.30 ലക്ഷം കോടിയിൽ നിന്നും 1.75 ലക്ഷം കോടിയിലേക്ക് എത്തി. എല്ലാ മണ്ഡലങ്ങളിലും അതിന്റെ ​ഗുണമുണ്ടായിട്ടുണ്ട്. പ്ലാനിലോ ബജറ്റിലോ ഇല്ലാതെ അധികമായി 1,000 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത്. നവകേരള സദസിന്റെ ഭാ​ഗമായി ഓരോ മണ്ഡലത്തിലും ഏഴ് കോടി രൂപ വീതം നൽകി. തങ്ങളുടെ മണ്ഡലത്തിൽ തുക കിട്ടിയിട്ടില്ലെന്ന് ഓരോ എംഎൽഎമാർക്കും വ്യക്തിപരമായി പറയാനാകുമോ? ഏതെങ്കിലും കോൺട്രാക്ടർക്ക് പണം കിട്ടാതിരിക്കുന്ന സ്ഥിതിയുണ്ടോ? - മന്ത്രി ചോദിച്ചു.


കേരളത്തിന് ലഭിക്കേണ്ട വലിയൊരു തുക കേന്ദ്രം തരാത്തത് മൂലമുള്ള ബുദ്ധിമുട്ട് ഉണ്ട്. കേരളത്തിൽ മാത്രമല്ല, പ്രതിപക്ഷ സംസ്ഥാനങ്ങളോട് ആകെ കേന്ദ്രം കാണിക്കുന്ന സമീപനം ഇതാണ്. എല്ലാ മേഖലയിലും വലിയ തോതിലുള്ള വെട്ടിക്കുറവുകൾ വന്നിട്ടുണ്ട്. 33,000 കോടി രൂപയാണ് ഈ സർക്കാരിന്റെ തുടക്കകാലത്തുണ്ടായിരുന്ന ​ഗ്രാന്റ്. ഈ വർഷം അത് 6,500 കോടിയായി ചുരുങ്ങി. 27,000 കോടി ​ഗ്രാന്റിൽ മാത്രം വെട്ടിക്കുറച്ചു. ആ സ്ഥിതിയെ നേരിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. കിഫ്ബി എടുക്കുന്ന കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ കൊണ്ടുവന്നു. ദേശീയപാത നിർമിക്കാൻ കേന്ദ്രമാണ് മുഴുവൻ തുകയും ചെലവാക്കേണ്ടത്. എൻഎച്ച്എഐ ആണ് ടോൾ പിരിക്കുന്നത്. എന്നാൽ കേരളം 6,000 കോടിയോളം തുക ചെലവഴിച്ചു.


ജിഎസ്ടിയിലെ വെട്ടിക്കുറവ് ചർച്ച ചെയ്യാൻ എട്ട് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ യോ​ഗം ചേർന്നു. വരുമാന നഷ്ടം എല്ലാ സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്നമാണ്. പ്രാഥമിക കണക്കെടുത്തപ്പോൾ കേരളത്തിൽ ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷുറൻസ്, ഇലക്ടോണിക് ഐറ്റംസ് എന്നിവയിൽ മാത്രം 2500 കോടി രൂപയുടെ നഷ്ടംവരും. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ചെറിയ തർക്കമായി തീരേണ്ടതല്ല, ഈ പ്രതിസന്ധി എങ്ങനെ നേരിടും എന്നത് ഒരുമിച്ച് ചർച്ച ചെയ്യേണ്ടതാണ്. ജിഎസ്ടി നടപ്പിലാകുന്ന വർഷം അതിന് മുൻപുണ്ടായിരുന്ന വാറ്റും സെയിൽസ് ടാക്സും തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ വർഷം കിട്ടേണ്ടത് 51,500 കോടി രൂപയാണ്. കേരളത്തിന് കിട്ടേണ്ട നികുതി വിഹിതം 3.82 ആയിരുന്നത് ഇപ്പോൾ 1.392 ആയി കുറച്ചു. എല്ലാ പ്രതിസന്ധികളും നേരിട്ടുകൊണ്ട് വികസന- ക്ഷേമപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ഒരു ശ്വാസംമുട്ടിക്കലിനും കീഴ്പ്പെടില്ലെന്നും ധനമന്ത്രി പറഞ്ഞു.


കേരളത്തിന്റെ കടം 6 ലക്ഷം കോടിയാകുമെന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞ പറയുകയുണ്ടായി. വി എസ് സർക്കാരിന്റെ അവസാന കാലത്ത് 85,000 കോടി രൂപയായിരുന്നു ആകെ കടം. ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചുവർഷം കഴിഞ്ഞപ്പോൾ അത് 2.96 ലക്ഷം കോടിയായി. പിന്നീട് വന്ന ഒന്നാം പിണറായി സർക്കാരിന്റെ അഞ്ചുവർഷക്കാലം അവസാനിച്ചപ്പോൾ, സാധാരണ ​ഗതിയിൽ 6 ലക്ഷം കോടി എങ്കിലും എത്തേണ്ടിയിരുന്ന കടം 3.96 ലക്ഷം കോടിയായി. സിഎജി റിപ്പോർട്ടുപ്രകാരം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെയും കടത്തിന്റെയും അനുപാതത്തിൽ കേരളം പതിനഞ്ചാമതാണ്.


സംസ്ഥാനത്തിന്റെ നികുതി വരുമാനം 47,660 കോടിയിൽനിന്ന് 76,682 കോടി രൂപയായി വർധിച്ചു. നികുതിയേതര വരുമാനം 7377 കോടിയിൽ നിന്ന് 16,000 കോടിയായി വർധിച്ചു. റവന്യു കമ്മി കുറഞ്ഞു. ധനക്കമ്മി 4.56 ആയരുന്നത് 3.78 ആയി. ഉമ്മൻചാണ്ടി സർക്കാർ 9011 കോടി രൂപയാണ് ക്ഷേമപെൻഷന് ചെലവിട്ടത്. എന്നാൽ ഒന്നാം പിണറായി സർക്കാർ 35,054 കോടി രൂപ ചെലവാക്കി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 42,8471 കോടി രൂപ ചെലവഴിച്ചു. 1466 കോടി യാണ് കെഎസ്ആർടിസിക്ക് യുഡിഎഫ് സർക്കാർ കൊടുത്തത്. 5002 കോടി രൂപ ഒന്നാം പിണറായി സർക്കാരും 7830 കോടി രൂപ രണ്ടാം പിണറായി സർക്കാരും നൽകി. - ധനമന്ത്രി മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home