നികുതിവിഹിതം വർധിപ്പിച്ചത് സമ്മർദത്തിൽ
print edition ധനകമീഷൻ നിർദേശങ്ങൾ കേരളത്തിന് പ്രഹരമാകും

ന്യൂഡൽഹി
നികുതി വിഹിതത്തിൽ നേരിയ വർധനവ് വരുത്തിയെങ്കിലും ബജറ്റിനൊപ്പം ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽവെച്ച 16–ാം ധനകമീഷൻ ശുപാർശകളിൽ പലതും കേരളത്തിന് തിരിച്ചടിയാകും. കേരളത്തിലെ നികുതി വിഹിതം നിലവിലെ 1.92 ശതമാനത്തിൽ നിന്നും 2.7 ശതമാനമായെങ്കിലും വർധിപ്പിക്കണമെന്നാണ് കേരളം ധനകമീഷനോട് ആവശ്യപ്പെട്ടിരുന്നത്. 10–ാം ധനകമീഷൻ കാലത്ത് കേരളത്തിന് ലഭിച്ചിരുന്ന നികുതി വിഹിതം 3.88 ശതമാനമായിരുന്നു. ഇത് ഘട്ടംഘട്ടമായി വെട്ടികുറച്ചാണ് 1.92 ശതമാനത്തിലേക്ക് താഴ്‌ത്തിയത്. സംസ്ഥാനങ്ങൾക്കുള്ള ആകെ നികുതി വിഹിതം നിലവിലെ 41 ശതമാനമായി തന്നെ തുടരാനാണ് ധനകമീഷൻ ശുപാർശ.
കേരളത്തിന്റെ നികുതി വിഹിതമായി 16–ാം ധനകമീഷൻ ശുപാർശ ചെയ്‌തിരിക്കുന്നത് 2.382 ശതമാനമാണ്. നികുതി വിഹിതത്തിലുണ്ടായ 0.48 ശതമാനത്തിന്റെ വർധനവ് അടുത്ത സാമ്പത്തികവർഷം 9500 കോടി രൂപയുടെ അധികവരുമാനം കേരളത്തിന് നേടിതരും. എന്നാൽ റവന്യൂകമ്മി ഗ്രാന്റ് ഇനി മുതൽ നൽകേണ്ടതില്ലെന്ന ധനകമീഷൻ നിർദേശം കേരളത്തിന് കനത്ത തിരിച്ചടിയാണ്. 15–ാം ധനകമീഷന്റെ അഞ്ചുവർഷ കാലയളവിൽ റവന്യൂകമ്മി ഇനത്തിൽ കേരളത്തിന് 53000 കോടിയോളം രൂപ ലഭിച്ചിരുന്നു. റവന്യൂ കമ്മി ഗ്രാന്റ് കൂടി നിലയ്‌ക്കുന്നതോടെ സംസ്ഥാനത്തിന് നഷ്ടം ഇരട്ടിക്കും.
സംസ്ഥാനങ്ങളുടെ നികുതി വിഹിതം നിശ്‌ചയിക്കുമ്പോൾ ജനസംഖ്യാ നിയന്ത്രണത്തെ ഇനി മുതൽ നേട്ടമായി പരിഗണിക്കേണ്ടതില്ലെന്ന കമീഷൻ ശുപാർശയും കേരളത്തിന് തിരിച്ചടിയാണ്. നികുതി വിഹിതം നിശ്‌ചയിക്കുന്നതിനായി ജനസംഖ്യാ നിയന്ത്രണത്തിലെ മികവിന് 10 ശതമാനം വെയ്‌റ്റേജാണ് 16–ാം ധനകമീഷൻ നൽകിയിരുന്നത്. ഇൗ മികവ് ഇനി മുതൽ പരിഗണിക്കേണ്ടതില്ലെന്ന നിർദേശം ഭാവി കമീഷനുകൾ കണക്കിലെടുത്താൽ കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾക്കാണ് നഷ്ടം സംഭവിക്കുക.
സബ്‌സിഡി ചെലവുകൾ നിയന്ത്രിക്കുക, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ, വൈദ്യുതി മേഖലയുടെ പൂർണ സ്വകാര്യവൽക്കരണം, ബജറ്റിന് പുറത്തുള്ള കടമെടുപ്പിന് വിലക്ക് തുടങ്ങിയ ധനകമീഷൻ നിർദേശങ്ങളും സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. നഗരങ്ങളിലെ മലിനജലം കൈകാര്യം ചെയ്യൽ പദ്ധതിക്കായി ധനകമീഷൻ ശുപാർശ ചെയ്‌തിട്ടുള്ള 56100 കോടിയുടെ പദ്ധതിയും കേരളത്തിന് പ്രയോജനപ്പെടുന്നതല്ല. 2011 സെൻസസ് പ്രകാരം 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽനിന്ന് ഒരു നഗരവും ഇൗ പട്ടികയിലില്ല. തദ്ദേശസ്ഥപനങ്ങൾക്കുള്ള ഗ്രാന്റിൽ നിബന്ധനകൾ വച്ചതും കേരളത്തിന് തിരിച്ചടിയാകും.
നികുതിവിഹിതം വർധിപ്പിച്ചത് സമ്മർദത്തിൽ
നികുതി വിഹിതത്തിൽ കിട്ടിയ നേരിയ വർധന കേരളം നടത്തിയ പേരാട്ടത്തിന്റെയും സംസ്ഥാനം ദേശീയ അഭ്യന്തരവളർച്ചയ്‌ക്ക് നൽകുന്ന സംഭാവനയും കണക്കിലെടുത്ത്.
രാജ്യത്തിന്റെ ജനസംഖ്യയിൽ 2.8 ശതമാനം മാത്രമുള്ള കേരളം ദേശീയ ജിഡിപിയിലേക്ക് നാലു ശതമാനംസംഭാനചെയ്യുന്നുണ്ട്. ഇതും സംസ്ഥാനത്തിന്റെ നിരന്തരസമ്മർദത്തിന്റെയും ഫലമായാണ് 1.92 ശതമാനമായിരുന്ന കേന്ദ്രവിഹിതം 2.382 ശതമാനമാക്കിയത്.
പത്താം ധനകമീഷനാണ് കേരളത്തിന് ഏറ്റവും ഉയർന്ന നികുതിവിഹിതം അനുവദിച്ചത്– 3.875 ശതമാനം. 11–ാം ധനകമീഷൻ 3.06 ശതമാനമായും 12–ാം കമീഷൻ 2.67 ശതമാനമായും 13–ാം കമീഷൻ 2.36 ശതമാനമായും കുറച്ചു. 14–ാം ധനകമീഷൻ ഇത് 2.5 ശതമാനമാക്കി. 15–ാം കമീഷൻ 1.92 ശതമാനമായി ഒറ്റയടിക്ക് കുറച്ചു.
കേരളത്തിന് വികസനത്തിന്റെ പേരിൽ ഫണ്ട് കുറയ്‌ക്കുന്നത് അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യാനിയന്ത്രണം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കമീഷൻ ചെയർപേഴ്‌സൺ അരവിന്ദ് പനഗാരിയയും അംഗങ്ങളും കേരളത്തിൽ എത്തിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലും ഉന്നതോദ്യോഗസ്ഥരും ചർച്ച നടത്തുകയും നിവേദനം നൽകുകയുംചെയ്‌തിരുന്നു.
തൊഴിലുറപ്പ് അട്ടിമറിച്ച പദ്ധതിക്കും തുച്ഛമായ വിഹിതം
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി ജിആർഎഎംജി പദ്ധതിക്കും ബജറ്റിൽ നീക്കിവച്ചത് തുച്‌ഛമായ തുക. 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം ചെലവ് സംസ്ഥാനങ്ങളും വഹിക്കേണ്ട പുതിയ പദ്ധതിക്ക് ബജറ്റിൽ നീക്കിവച്ചത് 95692.31 കോടി രൂപ മാത്രം. ആവശ്യമായ തുകയുടെ 42 ശതമാനം മാത്രമാണിത്.
നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ 8.65 കോടി സജീവ ഗുണഭോക്താക്കളുണ്ട്. പുതിയ പദ്ധതിയിൽ സർക്കാർ അവകാശപ്പെടുംപോലെ, ഇത്രയും പേർക്ക് വർഷം 125 തൊഴിൽ ദിനം ഉറപ്പാണമെങ്കിൽ 3.84 ലക്ഷം കോടി രൂപ വേണം. 60:40 അനുപാതത്തിൽ പദ്ധതി നടപ്പാക്കണമെങ്കിൽ 2.30 ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രം നൽകണം. എന്നാൽ, ഇതിന്റെ 42 ശതമാനം മാത്രമാണ് വകയിരുത്തിയത്. ഇതിനൊപ്പം സംസ്ഥാനങ്ങളുടെ വിഹിതംകൂടി ചേർന്നാലും 1.34 ലക്ഷം കോടി രൂപയേ വരൂ. ഇൗ പണംകൊണ്ട് 50 തൊഴിൽ ദിനം പോലും സാധ്യമാകില്ല.
നിലവിലെ തൊഴിലുറപ്പ് പദ്ധതിയുടെ ബാധ്യതകളും മറ്റും തീർക്കാൻ മുപ്പതിനായിരം കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.










0 comments