ad
Deshabhimani

print edition ‘വീര്യം’ കൂടിയ ഫയലുകൾ!

niyamasabha today
avatar
സി കെ ദിനേശ്‌

Published on Jun 24, 2026, 12:06 AM | 1 min read

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിളമ്പി എങ്ങനെ പുതുകേരളം സൃഷ്ടിക്കാമെന്നതായിരുന്നു സർക്കാർ ഉദ്ദേശിച്ച ചർച്ച. എന്നാൽ, പ്രതിപക്ഷം അതിനല്ല വഴങ്ങിയത്‌. വിഷയം മദ്യനയം തന്നെ–ഇവിടെ അത്ഭുതപ്പെടുത്തുംവിധം ചില ഫയലുകൾ സഞ്ചരിച്ചതെങ്ങനെയെന്ന്‌ വ്യക്തമാക്കണം. നികുതിയിളവിന്‌ ചില വൻകിട മദ്യക്കമ്പനികൾ രംഗത്തെത്തിയിട്ട്‌ നാളുകുറച്ചായി, നല്ല ‘ഓഫറും’ ഉണ്ട്‌. ഇതുസംബന്ധിച്ച -ഫയൽ 2023മുതൽ മുന്നിലുണ്ടെങ്കിലും എൽഡിഎഫ്‌ സർക്കാർ ആ വഴിക്കേ പോയില്ല. ഇപ്പോൾ ഫയലുകൾക്കൊക്കെയെന്താ വേഗത!


കെ എൻ ബാലഗോപാൽ നൽകിയ നോട്ടീസിലെ നെടുങ്കൻ പണി മനസ്സിലാക്കി മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ സ്പീക്കർ തിരുവഞ്ചൂരിനെ ചട്ടംകെട്ടിയിരുന്നു; ഒരു കാരണവശാലും റൂൾ 50 പ്രകാരമുള്ള നോട്ടീസ്‌ അനുവദിക്കരുത്‌. കാരണം? പാസാക്കാത്ത ബജറ്റിലെ വിഷയമായതുകൊണ്ട്‌. കീഴ്‌വഴക്കമനുസരിച്ച്‌ ചർച്ചയാകാം. പക്ഷെ, സർക്കാർ എന്തിനെയോ ഭയപ്പെടുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതിയിൽ ഇരിക്കുന്ന വിഷയംപോലും ചർച്ച ചെയ്യാറുള്ള സഭയാണിത്‌. പറയാനുള്ളത്‌ ലോഭം കൂടാതെ പ്രതിപക്ഷം പറഞ്ഞു.


ഇളവ്‌ പ്രഖ്യാപിച്ചതിനുപിന്നിലെ കമ്പനി താൽപ്പര്യവും ഫയൽവേഗവും പുറത്തുവരുമെന്നായതോടെ ട്രഷറി ബെഞ്ചിലും മുഖ്യമന്ത്രിക്കും കടുത്ത അസ്വസ്ഥത. പ്രതിപക്ഷ നേതാക്കൾക്ക്‌ ഇങ്ങനെ സമയം കൊടുക്കരുതെന്നായി അവർ. പ്രസംഗങ്ങൾ രേഖയിൽനിന്ന്‌ നീക്കണമെന്ന്‌ മുഖ്യമന്ത്രി. നടുത്തളത്തിലെ മുദ്രാവാക്യം കേട്ടപ്പോൾ തന്നെ പിടിവിട്ടതാണ്‌. വി എസ്‌ സുധീരൻ എതിർക്കുന്നു, കെ സി വേണുഗോപാൽ കൂട്ടില്ല, മന്ത്രി എം ലിജുവും രോഷത്തിൽ. പിന്നെന്ത്‌ കൂട്ടുത്തരവാദിത്വം? രാവിലെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല മുന്നറിയിപ്പ്‌ നൽകിയിരുന്നു–‘ പ്രൊജക്ട്‌ സീറോ ’! ആരെയൊക്കെയോ സീറോ ആക്കുമെന്നാണ്‌ പ്രഖ്യാപനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home