അഞ്ചാമത് ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം; 125 രാജ്യങ്ങളിൽ നിന്നായി 500-ലേറെ പ്രതിനിധികൾ തലസ്ഥാനത്ത്

തിരുവനന്തപുരം: പ്രവാസി മലയാളി സമൂഹത്തെ കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ടുള്ള ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും.
വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധിയിലെ അവസാന ലോക കേരള സഭയാണിത്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 500-ലധികം പ്രതിനിധികളാണ് ഇത്തവണ സഭയിൽ പങ്കെടുക്കുന്നത്. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനങ്ങൾ നടക്കുക.
പ്രവാസി വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും സമ്മേളനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നിർവ്വഹിക്കും.
എട്ട് പ്രധാന വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും പ്രാദേശിക സമ്മേളനങ്ങളും മൂന്ന് ദിവസങ്ങളിലായി നടക്കും. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ധ്യവും നവകേരള നിർമ്മിതിക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.










0 comments