ad
Deshabhimani

print edition മഴക്കലി: ഒമ്പത് മരണം; രണ്ട് പേരെ കാണാതായി

heavy rainfall Kerala.jpg

മരണം മണക്കുന്നു... തൊടുപുഴ കുടയത്തൂരിലെ അടൂര്‍മല ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മഷികല്ലേൽ 
രവിയുടെ വീടിന് സമീപം മണംപിടിച്ച്‌ നടക്കുന്ന വളർത്തുനായ. അപകടത്തിൽ 
രവിയുടെ ഭാര്യ സുമതി മരിച്ചു. മകന്‍ രതീഷ് രക്ഷപ്പെട്ടു

വെബ് ഡെസ്ക്

Published on Aug 02, 2026, 12:17 AM | 4 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വ്യാപകനാശം വിതച്ച്‌ കനത്ത മഴ തുടരുന്നു. വെള്ളി രാത്രി പെയ്തിറങ്ങിയ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും ഇടയാക്കി. കോട്ടയം പൂഞ്ഞാർ, ഇടുക്കി കുടയത്തൂർ, പത്തനംതിട്ട ചിറ്റാർ, കോന്നി കൊക്കത്തോട്‌ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പത്തനംതിട്ട റാന്നിയിൽ പ്രളയസമാന സാഹചര്യം.


ദുരന്തത്തില്‍ നാല് കുട്ടികളുൾപ്പെടെ 9 പേർ മരിച്ചു. ഒഴുക്കിൽപ്പെട്ട്‌ രണ്ടുപേരെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മീൻപിടിക്കാൻ കടലില്‍ പോയ അഞ്ച്‌ പേരെയും കാണാതായി. ഉരുൾപൊട്ടലിലാണ്‌ മൂന്നുപേർ മരിച്ചത്‌. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത്‌ ഉരുൾപൊട്ടലിൽ വീട്‌ തകർന്ന്‌ മണപ്പാട്ട്‌ റെജീന ജോണി (49), മകൻ ജോസ-ഫിൻ ജോണി(24), ഇടുക്കി കുടയത്തൂർ അടൂർമലയിൽ മഷികല്ലേൽ സുമതി (69) എന്നിവരുടെ ജീവനാണ്‌ ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞത്‌.


മലപ്പുറത്ത്‌ തോട്ടിൽവീണ് രണ്ടുകുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് കണ്ടമംഗലത്ത് അമ്മവീട്ടില്‍ വിരുന്നിനെത്തിയ ആലപ്പുഴ സ്വദേശി അബ്ദുൾ മുനീറിന്റെയും തസ്ലിമ ബാനുവിന്റെയും മകൻ രണ്ടരവയസ്സുകാരന്‍ അബ്ദുൾ മുഹയിൻ, കൊണ്ടോട്ടി നീറാട് കൂനയില്‍ തോട്ടിയില്‍ നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണാന്തൊടി ഹമീദിന്റെയും നദീറയുടെയും മകന്‍ ആദം ഐമനെന്‍ (4) എന്നിവരാണ്‌ മരിച്ചത്‌. കോഴിക്കോട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദ് ഷംനത്ത് ദമ്പതികളുടെ മകൻ മാസിൻ നൗഷാദാണ് മരിച്ചത്.


കോട്ടയം വാകത്താനത്ത്‌ വെള്ളക്കെട്ടിൽ വീണ്‌ ചക്കൻചിറ പേരുക്കുന്നേൽ മിലൻ കെ ഷിജു(11), വാഗമൺ കോലാഹലമേട്ടിൽ മൺതിട്ടവീണ്‌ കോട്ടയം വൈക്കം കുലശേഖരമംഗലം ശ്രീപത്മനാഭം വീട്ടിൽ പ്രഭാകരൻ നായർ (72), തൃശൂർ കൊടുങ്ങല്ലൂർ മതിലകത്ത്‌ തോട്ടിൽവീണ്‌ പുതിയകാവ്‌ പള്ളത്ത്‌ ശശിധരൻ (74) എന്നിവരും മരിച്ചു.


കണ്ണൂർ പേരാവൂർ കൊട്ടംചുരം സ്വദേശി വയൽപ്പീടിക അനീഫിനെ ഒഴുക്കിൽപ്പെട്ട്‌ കാണാതായി. കണ്ണ‍ൂർ പുളിങ്ങോമിൽ തുരുത്തില്‍ ഒറ്റപ്പെട്ട സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ നീന്തല്‍ പരിശീലകന്‍ രാജേഷും ഒഴുക്കില്‍പ്പെട്ടു.

വെള്ളിയാഴ്‌ച കൊല്ലം നീണ്ടകര പുലിമുട്ടിന്‌ സമീപം മറിഞ്ഞ വള്ളത്തിൽനിന്ന്‌ കാണാതായ ചവറ പുത്തൻതുറ കടുവങ്കൽ വിട്ടിൽ രാധാകൃഷ്‌ണന്റെ (47) മൃതദേഹം കണ്ടെത്തി. രാധാകൃഷ്‌ണന്റെ ഭാര്യാപിതാവ്‌ പുത്തൻതുറ പൂമുഖത്ത്‌ വീട്ടിൽ രാജീവൻ (76) കഴിഞ്ഞദിവസം മരിച്ചിരുന്നു. കാണാതായ മകൻ ഗ‍ൗതം കൃഷ്‌ണ (26)യ്‌ക്കായി തിരച്ചിൽ തുടരുന്നു.


പന്പാനദിയിൽ ജലനിരപ്പുയർന്നതോടെ റാന്നിയിൽ അഞ്ഞൂറിലധികം വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ആറന്മുള, ഇ‍ൗരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. ആറന്മുള വള്ളസദ്യ ചടങ്ങ് മാത്രമാക്കി. അച്ചൻകോവിൽ, പെരിയാർ, മീനച്ചിൽ, മണിമല, ബാവലി നദികളിൽ ജലനിരപ്പുയർന്നു. ഭൂതത്താൻകെട്ട്‌, പെരിങ്ങൽക്കുത്ത്‌, പഴശ്ശി, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. കോട്ടയം തീക്കോയിയിൽ അമ്പതോളം വീടുകളിൽ വെള്ളം കയറി. തലനാട്ടിൽ 11 പശുക്കൾ മുങ്ങിച്ചത്തു. കണ്ണൂർ ആറളം ഫാമിന്റെ 11,13 ബ്ലോക്കുകളില്‍ വെള്ളം കയറി. ആലുവ ശിവരാത്രി മണപ്പുറം ക്ഷേത്രം പൂര്‍ണമായി മുങ്ങി. മണ്ണിടിച്ചിലിൽ പാൽച്ചുരവും താമരശേരി ചുരവും അടച്ചതിനാൽ വയനാട്‌ ജില്ല ഒറ്റപ്പെട്ടു. കള്ളാടി ദുരന്തബാധിത പ്രദേശത്ത്‌ വീണ്ടും നേരിയതോതിൽ മണ്ണിടിഞ്ഞു. കണ്ണൂർ പുളിങ്ങോത്തും വെള്ളം കയറി. ദേശീയപാത 85ൽ അടിമാലിയിലും കൊല്ലം–ദിണ്ഡിഗൽ പാതയിലും മണ്ണിടിച്ചിലിൽ ഗതാഗതം മുടങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ‍, കാസർകോട്‌ ജില്ലകളിൽ കടലാക്രമണം രൂക്ഷമാണ്‌.


സംസ്ഥാനത്ത്‌ 1465 പേർ ദുരിതാശ്വാസക്യാന്പുകളിലുണ്ട്‌. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.

മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശൻ വിലയിരുത്തി. കലക്ടർമാരോടും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോടും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന ഏകോപനം റവന്യൂ മന്ത്രി എ പി അനിൽകുമാറിനാണ്‌.


12 ജില്ലയിൽ ഇന്ന്‌ 
മിന്നൽപ്രളയ മുന്നറിയിപ്പ്‌


12 ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഞായറാഴ്ച മിന്നൽപ്രളയത്തിന് സാധ്യതയുള്ളതായി കേന്ദ്ര ജലകമീഷൻ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ മുന്നറിയിപ്പ്‌. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂർ, വയനാട് ജില്ലകളിലാണ്‌ മുന്നറിയിപ്പ്‌. ഈ ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

മലവെള്ളപ്പാച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്ന്‌ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. രാത്രിയാത്ര ഒഴിവാക്കാനും ജില്ലാ ഭരണ നേതൃത്വത്തിന്റേയും ദുരന്തനിവാരണ സംവിധാനങ്ങളുടെയും നിർദേശം പാലിക്കാനുംനിർദേശിച്ചു.


രക്ഷാപ്രവര്‍ത്തനത്തിന്‌ 
രംഗത്തിറങ്ങുക: സിപിഐ എം


മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങൾക്കായി രംഗത്തിറങ്ങാൻ പാര്‍ടി പ്രവര്‍ത്തകരോട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനംചെയ്‌തു. വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രവര്‍ത്തകർ സജീവമായി ഇടപെടുന്നുണ്ട്‌. ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്‌തുക്കളും എത്തിക്കണം. ദുരിതമേഖലയില്‍ ആരും ഒറ്റപ്പെട്ടും കുടുങ്ങിയും കിടക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം. അപകടഭീഷണി നേരിടുന്ന പ്രദേശത്തുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. തദ്ദേശഭരണ സ്ഥാ പനങ്ങളുമായി കൈകോര്‍ത്ത് ശുചീകരണത്തിലും പങ്കാളികളാകണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി രംഗത്തിറങ്ങിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ അറിയിച്ചു. ദുരിതമേഖലകളില്‍ ഭക്ഷണം, കുടിവെള്ളം, മരുന്ന്‌ എന്നിവ വിതരണം ചെയ്യാനും രക്തദാനം നടത്താനും ശുചീകരണത്തിൽ പങ്കാളികളാകാനും മുഴുവൻ പ്രവർത്തകരോടും ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അഭ്യർഥിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ അധികൃതരുമായി സഹകരിക്കാൻ മുഴുവൻ തൊഴിലാളികളോടും സിഐടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്‌തു.


ദുരിതമകറ്റാൻ ഒരുമിച്ചിറങ്ങാം: പിണറായി


കാലവർഷക്കെടുതിയില്‍ ദുരിതമേഖലയിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാൻ എല്ലാവരോടും പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ അഭ്യർഥിച്ചു. വീടും കൃഷിയും ഉപജീവന മാർഗങ്ങളും നഷ്‌ടപ്പെട്ട് ജനങ്ങൾ വലിയ ദുരിതം അഭിമുഖീകരിക്കുകയാണ്. പ്രയാസകരമായ സാഹചര്യം നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നതോടൊപ്പം അധികാരികളുമായി സഹകരിച്ച് പരമാവധി സഹായവും ഉറപ്പാക്കണം. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായും ഫലപ്രദമായും ഇടപെടണം. രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തുന്നതോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. നാശനഷ്‌ടങ്ങൾക്ക് താമസമില്ലാതെ നഷ്‌ടപരിഹാരവും നൽകണം. ജാഗ്രതയും ഐക്യദാർഢ്യവുംകൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം.


2018-ലും 2019-ലും അതിതീവ്ര മഴയും മേഘവിസ്‌ഫോടനത്തിന് സമാനമായ മഴയുംമൂലം നിരവധി പ്രദേശങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വെള്ളത്തിനടിയിലായിരുന്നു. ദുരന്തനിവാരണ അതോറിറ്റി, കാലാവസ്ഥാ വകുപ്പ്, മറ്റ് സർക്കാർ ഏജൻസികള്‍ എന്നിവരുടെ മുന്നറിയിപ്പുകൾ അവഗണിക്കരുത്. റാന്നിയിൽ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം അതിതീവ്ര മഴ രേഖപ്പെടുത്തിയതും വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതും അതീവ ജാഗ്രത ആവശ്യപ്പെടുന്നതാണെന്ന് പിണറായി പ്രസ്‌താവനയില്‍ പറഞ്ഞു.


മഴ മുന്നറിയിപ്പിൽ വീഴ്‌ച


സംസ്ഥാനത്ത്‌ അതിതീവ്ര മഴയ്ക്ക്‌ സാധ്യതയുണ്ടായിട്ടും മുന്നറിയിപ്പ്‌ നൽകുന്നതിൽ കാലാവസ്ഥാ വകുപ്പിന്‌ വീഴ്‌ച. ഒപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വൻവീഴ്‌ചയുണ്ടായി. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതില്‍ കാലതാമസവും നേരിട്ടു. ചിറയൻക‍ീഴ്‌ പെരുമാതുറയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള തിരച്ചലിന്‌ 13 മണിക്കൂർ കഴിഞ്ഞാണ്‌ കോസ്‌റ്റൽ പൊലീസ്‌ എത്തിയത്‌. സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച്‌ തൊഴിലാളികൾ പൊലീസ്‌ സ്‌റ്റേഷനും തീരദേശറോഡും ഉപരോധിച്ചു.


​അതിശക്തമായ മഴപെയ്ത പത്തനംതിട്ട ജില്ലയിലുൾപ്പെടെ വെള്ളി രാത്രിവരെയും ഓറഞ്ച്‌ അലർട്ട്‌ മാത്രമാണുണ്ടായിരുന്നത്‌. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കുമെന്നായിരുന്നു അറിയിപ്പ്‌. എന്നാൽ പത്തനംതിട്ട ളാഹയിൽ മാത്രം ശനിയാഴ്ച രാവിലെ 8.30വരെ 248 മില്ലിമീറ്റർ മഴ പെയ്തു. റെഡ്‌ അലർട്ടിന്‌ സമാനമായി മഴ പെയ്യുമെന്ന്‌ അർധരാത്രി പിന്നിട്ടശേഷമാണ്‌ മുന്നറിയിപ്പ്‌ വന്നത്‌. നദികളിൽ പ്രളയസമാന രീതിയിൽ ജലനിരപ്പുയരുമെന്ന്‌ ശനിയാഴ്ച രാവിലെ 10ന്‌ ശേഷമാണ്‌ അറിയിച്ചത്‌. കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മാത്രമാണ്‌ കടലാക്രമണ സാധ്യത പ്രഖ്യാപിച്ചത്‌.


​ശനി രാവിലെ തന്നെ പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ വിവിധ പ്രദേശത്ത് ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതില്‍ മിക്കയിടത്തും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി ആക്ഷേപമുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home