print edition രാസവള വിലവര്‍ധന; പ്രതിഷേധവുമായി കര്‍ഷകര്‍

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : രാസവളത്തിന്റെ വില വർധിപ്പിച്ചതില്‍ പ്രതിഷേധവുമായി കര്‍ഷകര്‍. നെൽക്കർഷകർ ആശ്രയിക്കുന്ന ഫാക്ടംഫോസ് ഒരു ചാക്കിന് 50 രൂപ വർധിച്ച് 1475 രൂപയിൽനിന്ന് 1525 ആയി. വില ഇനിയും ഉയരാനാണ് സാധ്യത. പൊട്ടാഷ് 50 കിലോ ചാക്കിന് 1800 രൂപയെന്നത് 1975 ആയി.
യൂറിയ 45 കിലോ ചാക്കിന് 267 രൂപയാണ്. വേനൽമഴയ്ക്കു പിന്നാലെ കൃഷി തുടങ്ങിയ വേളയിലുണ്ടായ വില വർധന കർഷകർക്ക് കനത്ത ആഘാതമായതിനാൽ പലരും ഒന്നാം വിള ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്.
കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. 2023-–24 വർഷത്തിൽ 65,199 കോടി സബ്‌സിഡി നൽകിയത് 2024-25ൽ 52,310 കോടിയായും 2025-26ൽ 49,000 കോടിയായും വെട്ടിക്കുറച്ചു. 2017 മുതൽ വളം സബ്‌സിഡി കർഷകർക്ക് നേരിട്ട് നൽകാതെ രാസവളം കമ്പനികൾക്കാണ് നൽകുന്നത്.
കർഷകരെ ദുരിതത്തിലാക്കുന്ന രാസവളം വില വർധനയിൽ പ്രതിഷേധിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജില്ലാ, ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് സെക്രട്ടറി വത്സൻ പനോളിയും പ്രസിഡന്റ് എം വിജയകുമാറും അറിയിച്ചു.











0 comments