ad
Deshabhimani

ചാലക്കുടി – മലക്കപ്പാറ റൂട്ടിൽ കെഎസ്ആർടിസി സർവീസ് ദുരന്തത്തിലേക്ക്; ഓവർലോഡ് അപകടഭീഷണിയെന്ന് ജീവനക്കാർ

malakkapara ksrtc

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 30, 2026, 06:39 AM | 1 min read

ചാലക്കുടി: മലക്കപ്പാറ റൂട്ടിലെ കെഎസ്ആർടിസി ബസുകൾ അപകടകരമായ രീതിയിലാണ് ഓടുന്നതെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്. ബസുകളിൽ അമിതഭാരവുമായി യാത്ര ചെയ്യുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.


ഓരോ ട്രിപ്പിലും നിയമവിരുദ്ധമായി 100 മുതൽ 120 വരെ യാത്രക്കാരെയാണ് ബസിൽ കയറ്റുന്നത്. ഒരു ബസിൽ നിയമപ്രകാരം കൊണ്ടുപോകാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം 64 മാത്രമാണ്. നിലവിൽ യാത്ര ചെയ്യുന്നവരിൽ 80 മുതൽ 90 ശതമാനം വരെ സ്ത്രീകളാണ്.


പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെയാണ് സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.


ഇത്രയധികം യാത്രക്കാരുമായി മലമ്പാതയിലൂടെ സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും, വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി സിഎംഡിക്കും ചാലക്കുടി യൂണിറ്റ് അധികാരിക്കും ജീവനക്കാരുടെ സംഘടന കത്ത് നൽകിയിട്ടുണ്ട്.


അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 70 കിലോമീറ്റർ ദൂരം ഒറ്റവരിപ്പാതയാണ്. ഒരുവശത്ത് വലിയ കൊക്കകളുള്ള ഈ പാതയിൽ 9 ഹെയർപിൻ വളവുകളാണുള്ളത്. ഓരോ വളവും തിരിക്കാൻ ബസ് ചുരുങ്ങിയത് രണ്ടുതവണയെങ്കിലും പുറകോട്ട് എടുക്കേണ്ടി വരുന്നുണ്ട്.


അമിതഭാരം കാരണം ബസ് പുറകോട്ടെടുക്കുമ്പോൾ പലപ്പോഴും ബ്രേക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും, ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home