ad
Deshabhimani

സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത കേസ്: വിചാരണ സെഷൻസ് കോടതിയിൽ

dr case
വെബ് ഡെസ്ക്

Published on Jan 22, 2026, 07:37 AM | 1 min read

തിരുവനന്തപുരം : സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതിന്റെ പേരിൽ യുവ വനിത ഡോക്ടർ ആത്മഹത്യ ചെയ്ത കേസ് വിചാരണക്കായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് അയച്ചു. പ്രതികളുടേത് സെഷൻസ് കോടതിയുടെ പരിധിയിൽ വിചാരണ നേരിടേണ്ട കുറ്റമായതിനാലാണ്, തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്രേറ്റ് എൽസാ കാതറിൻ ജോർജ് മുമ്പാകെ ഹാജരായ പ്രതികളെ വിചാരണ നടപടികൾക്കായി സെഷൻസ് കോടതി മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം രണ്ടാം വർഷ പിജി വിദ്യാർഥിനി വെഞ്ഞാറുമ്മൂട് മൈത്രി നഗർ നാസ മൻസിലിൽ എ ജെ ഷഹ്നയാണ് 2023 ഡിസംബറിൽ ആത്മഹത്യ ചെയ്തത്.


ഡോ. ഷഹ്നയുടെ സഹപ്രവർത്തകനും പിജി അസോസിയേഷൻ മുൻ ഭാരവാഹിയുമായ കൊല്ലം കരുനാഗപ്പളളി മീൻമുക്ക് മദ്രസക്ക് സമീപം ഇടയില വീട്ടിൽ ഡോ. ഇ എ റുവൈസ്, പിതാവ് അബ്ദുൽ റഷീദ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. റുവൈസുമായി പ്രണയത്തിലായിരുന്ന ഷഹ്നയെ വിവാഹം ചെയ്യുന്നതിന് 150 പവൻ സ്വർണ്ണവും ഒരേക്കർ സ്ഥലവും ബിഎംഡബ്ല്യൂ കാറുമാണ് സ്ത്രീധനമായി റുവൈസിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്നാണ് ഷഹ്നയുടെ വീട്ടുകാരുടെ പരാതി. സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ഒരു കോടി രൂപയും ബിഎംഡബ്ല്യൂവും തന്നാൽ ഞാൻ കെട്ടിക്കോളാമെന്ന റുവൈസിന്റെ പരിഹാസമാണ് ഷഹ്നയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉയർന്ന അളവിൽ അനസ്‌തേഷ്യ കുത്തിവച്ച നിലയിൽ 2023 ഡിസംബർ നാലിനാണ് ഷഹ്നയെ മെഡിക്കൽ കോളേജിനടുത്തുള്ള ഫ്ലാറ്റിൽ കണ്ടെത്തിയത്. സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ അറസ്റ്റിലായ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എം സലാഹുദ്ദീനാണ് പ്രോസിക്യൂഷനായി ഹാജരാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home