Deshabhimani

നാവികസേന ആയുധ നിർമാണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ സീൽ ഉപയോഗിച്ച്‌ വ്യാജനിയമന ഉത്തരവ്‌; കേസെടുത്തു

FAKE APPOINTMENT ORDER

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 06, 2026, 10:18 AM | 1 min read

കൊച്ചി : നാവികസേനയുടെ ആലുവയിലെ ആയുധ നിർമാണ–സംഭരണ കേന്ദ്രത്തിലെ (എൻഎഡി) ഉദ്യോഗസ്ഥന്റെ ഒ‍ൗദ്യോഗിക സീൽ ഉപയോഗിച്ച്‌ വ്യാജനിയമന ഉത്തരവ്‌. എൻഎഡി ഡെപ്യൂട്ടി ജനറൽ മാനേജർ ബി ലക്ഷ്‌മി പ്രസന്നകുമാർ നൽകിയ പരാതിയിൽ എൻഎഡിയിലെ ലീഡിങ്‌ ഫയർമാൻ എം വി ജിജിത്തിന്‌ എതിരെ പൊലീസ്‌ കേസെടുത്തു.


ജൂനിയർ ഡിസൈൻ ഓഫീസറുടെ സീൽ ദുരുപയോഗം ചെയ്‌ത്‌ ജിജിത്ത്‌ വ്യാജനിയമന ഉത്തരവ്‌ ചമച്ചെന്നാണ്‌ പരാതി. ജിജിത്ത്‌ ഇ‍ൗ ഉത്തരവ്‌ കൈമാറിയ വ്യക്തി എൻഎൻഡിയിൽ നിയമനം തേടി എത്തിയിരുന്നു. സംശയംതോന്നിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ്‌ തട്ടിപ്പ്‌ മനസ്സിലായത്‌. തുടർന്ന്‌ എറണാകുളം റൂറൽ എസ്‌പിക്ക്‌ പരാതി നൽകി. എസ്‌പിയുടെ നിർദേശപ്രകാരം എടത്തല പൊലീസ്‌ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഎഡി ജനറൽ മാനേജർ കേസെടുക്കാൻ നിർദേശിച്ചു. തിങ്കളാഴ്‌ച പൊലീസ്‌ കേസെടുത്തു.


ജിജിത്ത്‌ നിലവിൽ സസ്‌പെൻഷനിലാണ്‌. ഇയാളെയും വ്യാജനിയമന ഉത്തരവ്‌ വാങ്ങിയ ആളെയും പൊലീസ്‌ ഉടൻ ചോദ്യംചെയ്യും. ഒ‍ൗദ്യോഗിക സീൽ എങ്ങനെ കൈക്കലാക്കി, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, സമാനരീതിയിൽ നേരത്തേയും വ്യാജനിയമന ഉത്തരവ്‌ ചമച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളടക്കം അന്വേഷിക്കും. നിലവിൽ വ്യാജരേഖ ചമച്ചതിനാണ്‌ കേസെടുത്തിരിക്കുന്നത്‌. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്‌ എൻഎഡി. സംഭവത്തിന്റെ ഗ‍ൗരവം കണക്കിലെടുത്ത്‌ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയേക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home