print edition എഫ്‌സിആർഎ ഭേദഗതി: ബിൽ ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാൻ

എം എ ബേബി
കോട്ടയം: ന്യൂനപക്ഷങ്ങളെ വരുതിയിൽ നിർത്താനാണ് എഫ്‌സിആർഎ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1976ൽ ഇന്ദിര ഗാന്ധി സർക്കാരാണ് ബിൽ കൊണ്ടുവന്നത്. 2010ൽ ഭേദഗതി കൊണ്ടുവന്നു. എന്നാൽ, വൻതോതിൽ വിദേശസംഭാവന സ്വീകരിക്കുന്ന ആർഎസ്‌എസിനെ ഇതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഇതിൽ കോൺഗ്രസ്, ബിജെപി ഡീലുണ്ടോ എന്നന്വേഷിക്കുന്നത് പ്രസക്തമാണെന്നും എം എ ബേബി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ ആർഎസ്‌എസ് സംഘചാലക് ബാലാസാഹബ് ദേവരസ് ഇന്ദിര ഗാന്ധിയെ കണ്ടു. ജയിലിൽനിന്ന് മോചിപ്പിക്കാൻ ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയിരുന്നു. സർക്കാർ ഇതര സംഘടനകളെ വരുതിയിൽ നിർത്താനാണ് കോൺഗ്രസ് തീരുമാനപ്രകാരം ഇന്ദിരാഗാന്ധി നിയമം കൊണ്ടുവന്നത്. അപ്പോഴും ആർഎസ്‌എസിനെ വരുതിയിൽ നിർത്താൻ കോൺഗ്രസിനോ ഇന്ദിര ഗാന്ധിക്കോ തോന്നിയില്ല.
സന്നദ്ധപ്രവർത്തനം നടത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വത്താകെ പിടിച്ചെടുക്കാനുള്ള നിയമഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവരുന്നത്. പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകളെയും ലക്ഷ്യംവയ്‌ക്കുന്നു. ഹിറ്റ്‌ലറുടെ ഫാസിസ്‌റ്റ് ലക്ഷണങ്ങൾ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments