മികച്ച നവാഗത സംവിധായകനായി ഫാസിൽ മുഹമ്മദ്; ഇതൊരു ചെറിയ 'വല്യ പടം' എന്നാവർത്തിച്ച് പ്രേക്ഷകർ

ഫാസിൽ മുഹമ്മദിന് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുമ്പോൾ വീണ്ടും ചർച്ചയായി ഫെമിനിച്ചി ഫാത്തിമ.
കട്ടിലിൽ കിടന്നുറങ്ങുന്ന ഉസ്താദ്, ചെറിയ മകൻ, നായിക ഫാത്തിമ എന്നിവരിലൂടെയാണ് സിനിമയുടെ ആദ്യ ഫ്രെയിം തെളിയുന്നത്. അവിടെ തുടങ്ങുന്നു അച്ചടക്കമുള്ള സംവിധാന മികവ്. സിനിമ പുരോഗമിക്കുന്നതോടെ ഫാത്തിമയുടെ ജീവിതം അതിന്റെ ആഴങ്ങളിലെ വേദനയോടെ വെളിവാക്കപ്പെടുന്നു. എപ്പോഴും ഫാനിന്റെ സ്വിച്ച് ഇടാൻ കല്പിക്കുന്നന ഭർത്താവിനോട് എന്താ നിങ്ങടെ കൈ പൊങ്ങൂലെ എന്ന് അവസാനം ഫാത്തിമ ചോദിക്കുന്നു.

ഇതോടെ കട്ടിലിൽ കിടന്നുറങ്ങുന്ന ഉസ്താദിൽ നിന്നും സിനിമ വളർന്ന് സമൂഹത്തിലേക്ക് വികസിക്കുന്നു. ആ ഒരു ചോദ്യത്തിൽ നിന്നാണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ അതിന്റെ പേര് നേടുന്നതും, പിന്നാലെ നൊമ്പരപ്പെടുത്തുന്ന ഒരു ചോദ്യമായി മാറുന്നതും.
സാങ്കേതിക മികവുകളോ കലാപൂർണ്ണതയോ പതിവ് സങ്കലനങ്ങളോ അല്ല ഫെമിനിച്ച് ഫാത്തിമയെ വേറിട്ടതാക്കുന്നത്. കൊണ്ടാടപ്പെടുന്ന മലയാളി സമൂഹത്തിലെ സ്ത്രീ ജീവിതത്തിലെ ഒരു അടര് പ്രേക്ഷകന് മുന്നിൽ തുറന്ന് വെക്കുകയാണ്. നിത്യജീവിതത്തിൽ സാധാരണം എന്നും ഗ്രാമീണം എന്നുമൊക്കെ സാമാന്യവൽക്കരിക്കാറുള്ള വിടവുകൾ പ്രേക്ഷകർക്ക് മുന്നിൽ സൂം ഇൻ ചെയ്യുന്നു.
സ്വഭാവികമായാണ് ഓരോ കഥാപാത്രവും വളർന്ന് വികസിക്കുന്നത്. അവരുടെ ജീവിതം പക്ഷെ “സ്വഭാവികം” എന്ന പുരുഷ നോട്ട സമൂഹത്തിന്റെ വിധിന്യായങ്ങളിൽ നിന്നും കുതറി പുറത്തെത്തുന്നു. ഫാത്തിമയും ഭർത്താവും ഉമ്മയും കുട്ടികളും അയൽ പക്കത്തെ താത്തയും നാടും മീൻകാരനും എല്ലാം മലബാറിലെ ജീവിത്തിന്റെ സൗന്ദര്യമായി നിറയുന്നു. അകത്തെ വലിയ മുറിവകളോടെ വേഷങ്ങളെ സ്വാഭാവികമായും ലളിതമായും അവതരിപ്പിച്ചിട്ടുണ്ട്.

മുസ്ലീം സമുദായത്തിനകത്തെ മൂന്ന് കാലഘട്ടങ്ങളിലുള്ള സ്ത്രീ ജീവിതത്തിന്റെ അടരുകൾ കഥയിലുണ്ട്.
10 മക്കളെ മണി മണി പോലെ പെറ്റു കൊടുത്തവളാണ് ഭർത്താവിന്റെ ഉമ്മ. അവർ പറയുന്നു- "നമ്മള് പെണ്ണുങ്ങള് വീട്ടിലിരുന്നാമതി, എന്നെ ഭർത്താവ് ഒരാവശ്യത്തിനൂം പുറത്തേക്ക് വിട്ടില്ല. എല്ലാം വീട്ടിൽ കൊണ്ടുവന്നുതരും". ലഭ്യതയുടെ തടവിന്റെ സംതൃപ്തിയാലാണ് അവർ മെരുക്കപ്പെട്ടത്.
അയൽവാസിയായ കോളേജിൽ പഠിക്കുന്ന പെൺകുട്ടി ഈ സൗകര്യങ്ങളുടെ തടവിനെ യുക്തിപരമായി മറികടക്കുന്നു. അല്ലാഹു അക്ബർ എന്ന ദൈവസ്തുതിയോടെയാണ് അവൾ റീൽസ് ചിത്രീകരിക്കുന്നത്. വർത്തമാനകാലത്തിലേക്ക് അവൾ അങ്ങിനെ സ്വന്തം വഴി വെട്ടിപ്പിടിക്കാനായി പരിശീലിച്ചിരിക്കുന്നു.
ഫാത്തിമ ഉത്തമ സ്ത്രീ സങ്കല്പത്തിലെ നുകം പേറുന്നവളാണ്. സ്വയം അരഞ്ഞരഞ്ഞ് തീരുന്ന അവൾ എപ്പോഴും ആ ഉത്തമ സങ്കൽപ്പത്തിനകത്ത് തിരിഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോഴും അവളിലെ തീ കെടുന്നില്ല.
അതിന്റെ കത്തലാണ് അവളുടെ നർമ്മബോധം. ഫാത്തിമ അനുഭവിക്കുന്ന യാതനകളെ മറികടക്കുന്നത് ജീവിതത്തിലെ പ്രയാസങ്ങളെ സരസമായി നേരിടുന്ന മനോഭാവം കൊണ്ടാണ്. ആ തിരിയാണ് അവൾ സ്വയം വിമോചിപ്പിക്കാനായി കത്തിച്ചെടുക്കുന്നതും. ഫാത്തിമ പ്രഖ്യാപിക്കുന്നുണ്ട് എനിക്ക് ഇനിയൊരു കുട്ടിയെ പ്രസവിക്കാൻ പറ്റില്ലാ എന്ന്. ഫാനിന്റെ സ്വിച്ച് ഇടാൻ പറയുന്ന ഭർത്താവിനോട് നിങ്ങടെ കൈ പൊങ്ങൂലെ എന്ന് ചോദിക്കാൻ അവൾ അനുഭവം കൊണ്ട് വളരുകയാണ് ചെയ്യുന്നത്. അനുഭവങ്ങളാണ് അവളുടെ സമരം തന്നെയും.

അങ്ങിനെയാണ് ഈ സിനിമയും ഫാത്തിമയിലൂടെ ഫെമിനിച്ചി ആകുന്നത്. മക്കൾ മെത്തയിലേക്ക് വന്ന് കിടക്കുന്നതോടുകൂടിയാണ് സിനിമ അവസാനിക്കുന്നത്. കുട്ടികൾക്ക് കിടക്കയിൽ കിടക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പിതാവ് അതിന് അനുവദിച്ചിരുന്നില്ല. കഷ്ടതകളെ ആദർശവൽക്കരിക്കുന്ന തലമുറ. പുരുഷാധികാരത്തെ ധാർമ്മിക ജീവിതപാഠത്തിന്റെ പേരിൽ ന്യായീകരിക്കുന്നു.
കുട്ടികൾ അവസാനം ഉമ്മയുടെ അടുത്ത് കിടക്കുന്നത് ഉമ്മയുടെ ശരികളുടെ അനുഭവങ്ങളുടെ തീഷ്ണതയിൽ നിന്നും വീണ്ടെടുത്ത മെത്തയിലുമാണ്. അവളുടെ അവൾ തന്നത്താൻ നേടിയെടുത്ത മെത്തയുമാണത്. കുഞ്ഞുങ്ങളുടെ നിർമല ബോധങ്ങളിൽ നിന്നും വന്ന സ്വാഭാവിക പരിണിതിയായി, അത് മാറുന്ന കാലത്തേക്കുള്ള മാറ്റവുമാണ്.
ഫെയ്സ്ബുക്കുള്ള ഉപ്പക്ക് ഫെയ്സ്ബുക്ക് നല്ലതും ഇൻസ്റ്റഗ്രാം ദൈവശിക്ഷ ലഭിക്കുന്നും ആകുന്നുണ്ട്. കിടക്ക തിരിച്ചു കൊണ്ടു വന്നിടാൻ പറ്റാത്തത് മതപരമായ കാരണങ്ങൾ കൊണ്ടായിരുന്നു. പക്ഷെ ആ കിടക്ക ഫാത്തിമക്ക് സ്വസ്തമായി ഉറങ്ങാൻ വേണ്ടി ആയിരുന്നു എന്ന കറപിടിച്ച സ്നേഹവുമുണ്ട്.
സ്വന്തമായി തൊഴിലെടുത്ത് പുതിയ കിടക്ക വാങ്ങിക്കാൻ ഫാത്തിമക്ക് പറ്റുന്നുണ്ട്. ഫാനിന്റെ സ്വിച്ച് സിനിമയിൽ ഇടക്കിടെ പരാമർശിക്കുന്ന ബിംബമാവുന്നു .ഒടുവിൽ സ്വിച്ച് ഇടാൻ ഉസ്താദിനെ പ്രാപ്തയാക്കുകയാണ് ഫാത്തിമ.

ഐഎ്എഫ്‌കെ- ഫിപ്രസി മികച്ച അന്താരാഷ്ട്ര ചിത്രം, നെറ്റ്പാക് മികച്ച മലയാള ചിത്രം, സ്‌പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്- ഐഎഫ്എഫ്‌കെ, എഫ്എഫ്എസ്‌ഐ കെ.ആർ. മോഹനൻ അവാർഡ്, ബിഐഎഫ്എഫ് ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്‌കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, ഫിപ്രസി ഇന്ത്യ 2024-ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024-ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്‌സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കുമുള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനുമുള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കുമുള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ- ജർമൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. സംവിധായകൻ ഫാസിൽ മുഹമ്മദ് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.










0 comments