ഇതാ കേരളത്തിന്റെ ആരോഗ്യമാതൃക ; തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്

മലപ്പുറം : സംസ്ഥാനത്ത് കരൾരോഗ ചികിത്സയിൽ പുതിയ ചുവടുവയ്‌പുമായി തിരൂർ ജില്ലാ ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക് പ്രവർത്തനസജ്ജമായി. രാജ്യത്ത് ആദ്യമായാണ് ഒരുജില്ലാ ആശുപത്രിയിൽ പൂർണതോതിൽ ഫാറ്റി ലിവർ ക്ലിനിക് ഒരുക്കുന്നത്.
മദ്യപാനികളല്ലാത്തവരിൽ കാണുന്ന നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലാ ആശുപത്രികളിൽ ക്ലിനിക്കുകൾ സ്ഥാപിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് തിരൂരിൽ സൗകര്യമൊരുക്കിയത്. തിരുവനന്തപുരം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഫാറ്റി ലിവർ ക്ലിനിക് നിര്‍മാണം അന്തിമഘട്ടത്തിലാണ്.
രോഗം നേരത്തെ കണ്ടെത്തി ഗുരുതരമാകാതെ ചികിത്സിക്കുകയാണ് ലക്ഷ്യം. രോഗനിർണയത്തോടൊപ്പം സൗജന്യ ചികിത്സയും വ്യായാമവും ബോധവല്‍ക്കരണവും നൽകും. രോഗനിർണയത്തിനായി അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാന്‍സര്‍രോഗ നിര്‍ണയം, ബിഎംഐ നിര്‍ണയം, രക്തപരിശോധന, എന്‍ഡോസ്കോപി സൗകര്യങ്ങളുമുണ്ട്. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കാനുള്ള ചെലവേറിയ ഫൈബ്രോസ്കാൻ പരിശോധനയും സൗജന്യമാണ്. ജീവിതശൈലീ രോഗ ഒപിക്ക് സമീപമാണ് ഫാറ്റി ലിവര്‍ ക്ലിനിക്കും. ജീവിതശൈലീ രോഗ ഒപിയിലെത്തുന്നവരില്‍ പരിശോധന നടത്തി ഫാറ്റി ലിവര്‍ സാധ്യതയുള്ളവരെ കണ്ടെത്തും. ഇവരെ വ്യാഴാഴ്ചകളിലുള്ള കരള്‍രോഗ ഒപിയിലെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവിടെനിന്ന് രോഗനിര്‍ണയം നടത്തി തുടര്‍ചികിത്സ നല്‍കും.
ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. മുരളികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. രണ്ട് ഡോക്ടർ, നഴ്സ്, ലാബ് ടെക്‌നീഷ്യൻ, ഡയറ്റീഷ്യൻ എന്നിവരുടെ സേവനവും ലഭിക്കും.









0 comments