print edition ഹോർട്ടികൾച്ചർ ക്യാമ്പയിൻ ; വിദ്യാലയങ്ങളിൽ 4500 പച്ചക്കറി പോഷകത്തോട്ടം

തിരുവനന്തപുരം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചക്കറി പോഷകത്തോട്ടവുമായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ. ഓരോ ജില്ലയിലും കുറഞ്ഞത് 300 യൂണിറ്റ് വീതം 4500 പച്ചക്കറി പോഷകത്തോട്ട യൂണിറ്റാണ് സ്ഥാപിക്കുന്നത്. വിദ്യാർഥികളിൽ കൃഷിതാൽപ്പര്യം വളർത്തുക, ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക, ലഹരി ഉപയോഗം തടയുക എന്നിവയാണ് ലക്ഷ്യം.
കൃഷിവകുപ്പിന്റെ പോഷക സമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി ഹോർട്ടികൾച്ചർ മിഷൻ നടപ്പാക്കുന്ന രാഷ്ട്രീയ കൃഷിവികാസ് യോജന – പച്ചക്കറി പോഷകത്തോട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ. ഗ്രീൻ കേഡറ്റ് കോർ ഉൾപ്പെടെയുള്ള വിദ്യാർഥി ക്ലബ്ബുകളുടെ പങ്കാളിത്തമുണ്ടാകും.
കുറഞ്ഞത് 10 സെന്റ് കൃഷിയിടമുള്ള സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തുക. ഒരു സ്ഥാപനത്തിന് പരമാവധി അഞ്ച് യൂണിറ്റുവരെ (50 സെന്റ്) അനുവദിക്കും. മാവ്, ചാമ്പ, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, ഇഞ്ചി തുടങ്ങിയ വിളകളാണ് ഉൾപ്പെടുത്തുക. വിത്തുകളും തൈകളും സൗജന്യമായി നൽകും.
വിദ്യാർഥികൾക്കൊപ്പം അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സേവനം ഉപയോഗപ്പെടുത്തും. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുബന്ധ പദ്ധതികളുടെയും സഹായത്തോടെയാണ് പദ്ധതിച്ചെലവ് കണ്ടെത്തുക. ഫെബ്രുവരിയിൽ ക്യാമ്പയിൻ ആരംഭിക്കും. സ്ഥാപനങ്ങൾക്ക് 30വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് ജില്ലാ ഹോർട്ടികൾച്ചർ മിഷൻ ഓഫീസുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം.










0 comments