ad
Deshabhimani

കർഷകർക്ക്‌ ഇരുട്ടടി

print edition രാസവളം വില കുതിക്കുന്നു

farmers
avatar
നിഖിൽ രവീന്ദ്രൻ

Published on May 13, 2026, 12:15 AM | 1 min read

പാലക്കാട്‌: പശ്‌ചിമേഷ്യൻ യുദ്ധത്തെതുടർന്ന്‌ ഇന്ധനക്ഷാമം രൂക്ഷമായതിന്റെ മറവിൽ രാസവളത്തിന്‌ വില വർധിപ്പിച്ച്‌ കമ്പനികൾ. കേ​ന്ദ്രം സ​ബ്‌​സി​ഡി വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ മൂ​ന്നുവ​ർഷ​ത്തി​നി​ടെ മി​ക്ക രാ​സ​വ​ള​ങ്ങ​ളു​ടെ​യും വി​ല ഇ​ര​ട്ടി​യാ​യി. അതിനിടെയാണ്‌ വീണ്ടും വർധന.


നെൽക്കർഷകർ ഏറെ ആശ്രയിക്കുന്ന -ഫാക്ടംഫോസ്‌ ഒരു ചാക്കിന്‌ 50 രൂപ വർധിച്ച്‌ 1475 രൂപയിൽനിന്ന്‌ 1525 ആയി. വില ഇനിയും ഉയരുമെന്ന്‌ വിതരണക്കാർ പറയുന്നു. പൊട്ടാഷ്‌ 50 കിലോ ചാക്കിന് 1800 രൂപയെന്നത്‌ 1975ആയി. ഒറ്റയടിക്ക്‌ കൂട്ടിയത്‌ 175 രൂപ. എൻപികെ 16:16:16ന്റെ വില 1,650 ൽനിന്ന്‌ 2,050 രൂപയായി. കൂട്ടുവളമായ എൻപികെ 18:18:-18ന്‌ 1300 രൂപയെന്നത്‌ 1390ലെത്തി. യൂറിയ 45 കിലോ ചാക്കിന്‌ 267 രൂപയാണ്‌. വേനൽമഴയ്‌ക്കുപിന്നാലെ കൃഷിതുടങ്ങിയ വേളയിലുണ്ടായ വിലവർധന കർഷകർക്ക്‌ കനത്ത ആഘാതമായി. പലരും ഒന്നാംവിള ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്‌.


നെല്ലിന്‌ അടിസ്ഥാന വളം ഉൾപ്പെടെ മൂന്നുതവണയാണ്‌ വളപ്രയോഗം നൽകാറുള്ളത്‌. നിലമൊരുക്കുമ്പോൾ അടിവളമായി ഫാക്ടംഫോസ്‌, പൊട്ടാഷ് എന്നിവ ഇടും. കാലിവളം, കമ്പോസ്റ്റ് തുടങ്ങിയവയും ഉൾപ്പെടുത്തും. ഒന്നാം മേൽവളത്തിലും രണ്ടാം മേൽവളത്തിലും പൊട്ടാഷും യൂറിയയും ചേർക്കും. പിന്നീടാണ്‌ മഗ്നീഷ്യം സൾഫേറ്റ് അടക്കമുള്ള മറ്റ്‌ പോഷകങ്ങൾ ഇടുക.


വളം വിലവർധനയോടെ തെങ്ങ്‌, റബർ കർഷകരും പ്രതിസന്ധിയിലായി. പ്രതിസന്ധി മറികടക്കാൻ ജൈവവളം ഉപയോഗിക്കാനാണ്‌ കൃഷി ഉദ്യോഗസ്ഥരുടെ നിർദേശം. പത്ത്‌ കിലോ രാസവളത്തിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ ആറ്‌ ഇരട്ടിയിലധികം ജൈവവളം ഉപയോഗിക്കണമെന്ന്‌ കർഷകർ പറയുന്നു.


ഭൂരിഭാഗം രാസവളങ്ങളും പ്രകൃതിവാതകത്തെ ആശ്രയിച്ചാണ് ഉണ്ടാക്കുന്നത്. അതിനാൽ ഗൾഫ് മേഖലയിൽനിന്നുള്ള ഊർജവിതരണ തടസ്സം വളം ഉൽപ്പാദനത്തെ ബാധിക്കും. ഫോസ്‌ഫേറ്റ്‌ വളങ്ങൾക്കാവശ്യമായ അസംസ്‌കൃത വസ്‌തുക്കളിൽ ഭൂരിഭാഗവും പശ്ചിമേഷ്യയിൽനിന്നാണ്‌ കൊണ്ടുവരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home