പുളിയറയിൽ കാട്ടാനയാക്രമണം; കർഷകൻ കൊല്ലപ്പെട്ടു

പുനലൂർ: കേരള – തമിഴ്നാട് അതിർത്തി ഗ്രാമമായ പുളിയറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ ദാരുണമായി കൊല്ലപ്പെട്ടു. പുളിയറ ഇല്ലത്താർ തെക്കുതെരുവിൽ സുബ്ബയ്യയെയാണ് (70, റിട്ട. ഹൈവേ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരൻ) കാട്ടാന ചവിട്ടിക്കൊന്നത്. തിങ്കൾ രാവിലെ പുളിയറയ്‌ക്ക് തെക്കുമേട്ടിൽ കൊട്ടാവള്ളി കുളത്തിനു സമീപത്താണ് മൃതദേഹം കണ്ടത്.
കൃഷിത്തോട്ടത്തിലേക്ക് പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു. പൊലീസും വനംവകുപ്പ് അധികൃതരും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തെങ്കാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിലായിരുന്നു പ്രതിഷേധം.
ജനരോഷം ശക്തമായതോടെ തെങ്കാശി ഡിവൈഎസ്‌പി സ്ഥലത്തെത്തി ചർച്ച നടത്തി. കൃഷിയിടത്തിൽ എത്തുന്ന ആനകളെ തുരത്താൻ നടപടി സ്വീകരിക്കുമെന്ന് വനം അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചത്. സംഭവം നടന്ന പുളിയറയ്ക്കു സമീപ പ്രദേശമായ ഭഗവതീപുരത്ത് കഴിഞ്ഞ ബുധനാഴ്ച ജനവാസമേഖലയോട് ചേർന്ന റെയിൽവേ ട്രാക്കിൽ കടുവ ട്രെയിൻ തട്ടി ചത്തിരുന്നു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.








0 comments