ad
Deshabhimani

print edition ഫാം ഫെഡ് സൊസൈറ്റി തട്ടിപ്പ്‌: 
സങ്കടക്കണ്ണീരുമായി പ്രവാസി

Farm Fed.jpg
വെബ് ഡെസ്ക്

Published on Jun 17, 2026, 12:00 AM | 1 min read

കോഴിക്കോട്‌: ഒരുവർഷമായി നന്നായി ഒന്ന്‌ ഉറങ്ങിയിട്ട്‌, കണ്ണടച്ചാൽ നാളെയെക്കുറിച്ചുള്ള ആശങ്കകളാണ്‌, ഒരു ജോലിക്കും പോകാൻ കഴിയുന്നില്ല, ഇൻസുലിൻ വാങ്ങാൻ പണം തികയുന്നില്ല– "ഫാം ഫെഡ്' സൊസൈറ്റി നടത്തിയ നിക്ഷേപത്തട്ടിപ്പിന്‌ ഇരയായ തൃശൂർ അകലാട്‌ സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ ഇനി ആശ്രയമാരെന്നറിയാതെ വിതുമ്പുകയാണ്‌.


18 വർഷം ഗൾഫിൽ കഷ്‌ടപ്പെട്ടുണ്ടാക്കിയ വീടും സ്ഥലവും വിറ്റ പണമാകെ കോഴിക്കോട്‌ നടക്കാവ് കേന്ദ്രമായി പ്രവർത്തിച്ച സതേൺ ഗ്രീൻ ഫാമിങ്‌ ആൻഡ് മാർക്കറ്റിങ്‌ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ (ഫാം ഫെഡ്) നിക്ഷേപിച്ചു. പതിവുപോലെ ഏജന്റുമാർ വഴിയായിരുന്നു സൊസൈറ്റി ഇദ്ദേഹത്തെയും സമീപിച്ചത്‌.


മന്ത്രി കെ മുരളീധരൻ, ഡിസിസി പ്ര സിഡന്റ്‌ കെ പ്രവീൺകുമാർ എംഎൽഎ, ചലച്ചിത്രതാരങ്ങൾ തുടങ്ങിയ വിവിധ രംഗങ്ങളിലെ പ്രമുഖരുടെ പേരുകൾ ഉപയോഗിച്ച്‌ ആകർഷിച്ചു.


കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുണ്ടെന്നും കേന്ദ്രത്തിന്റെ ഇൻഷുറൻസ് പരിരക്ഷയും റിസർവ് ബാങ്കിന്റെ ഓഡിറ്റിങ്‌ സുരക്ഷയും ഉണ്ടെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്‌.


2000ത്തിൽ ആണ്‌ തട്ടിപ്പിനിരയായ യുവാവ്‌ ജോലിക്കായി ഒമാനിലെ സലാലയിലേക്ക്‌ പോയത്‌. "അൽ ബയാൻ' കമ്പനിയിൽ കുടിവെള്ളബാരലുകൾ വാഹനത്തിലേക്ക്‌ ലോഡുചെയ്യുകയും ഇറക്കുകയും ചെയ്യുന്ന ജോലിയായിരുന്നു.


എല്ലുമുറിയെ കഷ്‌ടപ്പെട്ട്‌ 18 വർഷത്തോളം പണിയെടുത്തു. പ്രമേഹത്തിനുള്ള മരുന്നിന്റെ ചെലവ്‌ താങ്ങാൻ പറ്റാതായപ്പോൾ നാട്ടിലേക്ക്‌ തിരിച്ചു. പണിയെടുത്ത പണമെല്ലാം കൂട്ടിവച്ച്‌ 800 ചതുരശ്രയടിയുടെ രണ്ട്‌ വീട്‌ പണിതു. വൃക്കരോഗിയായ ഉപ്പയുടെ ചികിത്സക്കും കാര്യങ്ങൾക്കുമായി വന്ന കടം വീട്ടാൻ ഇരുവീടുകളും 13 സെന്റ്‌ സ്ഥലവും വിറ്റു.


62 ലക്ഷത്തിലധികം ര‍ൂപ ലഭിച്ചത്‌ 2022 ഒക്ടോബർ മുതൽ വിവിധ തവണകളിലായാണ്‌ സൊസൈറ്റിയിൽ നിക്ഷേപിച്ചത്‌. ആദ്യമാസങ്ങളിൽ പലിശ കിട്ടിയിരുന്നു.


പിന്നീട്‌ പണം തിരികെ ചോദിച്ചപ്പോൾ ഒന്നും നൽകിയില്ല. നിലവിൽ സഹോദരന്റെ വീട്ടിലാണ്‌ താമസം. പ്രമേഹം ബാധിച്ചതിനാൽ ജോലി ഒന്നും ചെയ്യാൻ പറ്റില്ല. സൊസൈറ്റി നിലം വിറ്റതിനുശേഷം പണം തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ്‌ ഇപ്പോൾ ജീവിതം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home