ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം തട്ടിയെടുത്ത കേസ്; പൊലീസ് അന്വേഷണം ഊർജിതമാക്കി

sini and shibi.png

സിനി, ഷിബി

avatar
വർഗീസ് പുതുശേരി

Published on Jun 26, 2025, 03:04 PM | 1 min read

അങ്കമാലി: യു കെയിൽ ഫാമിലി വിസ നൽകാം എന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 25,75,800 രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കാക്കനാട് പാടിവട്ടം സിവിൽ ലൈൻ റോഡിലെ യു കെ എക്സ്പ്രസ്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജർ കണ്ണൂർ വിളമന കിളിയന്തറ കല്ലൂർ വീട്ടിൽ സാൻ കെ മാത്യു ഉൾപ്പടെ നാലുപേർക്കെതിരെയാണ് അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരായ പെരുമ്പാവൂർ വെങ്ങോല മേപ്രത്തുപടി സ്വദേശികളും സഹോദരന്മാരുമായ ബേസിൽ പോൾ, ജിൻ്റോ പോൾ, പത്ത നംതിട്ട മൈലപ്ര സ്വദേശി ബ്ലസൻ പോൾ എന്നിവരാണ് മറ്റു പ്രതികൾ. അങ്കമാലി മൂക്കന്നൂർ മൂന്നാംപറമ്പ് ചുള്ളി വീട്ടിൽ സിനി പൗലോസ്, ഭർത്താവ് ഷിബി എന്നിവരെ കബളിപ്പിച്ചാണ് സംഘം 26 ലക്ഷത്തിനടുത്ത് രൂപ കവർന്നത്.


2024 ജൂലൈ 25 മുതൽ നവംബർ 29 വരെയുള്ള കാലയളവിൽ ഗഡുക്കളായാണ് മുഴുവൻ പണവും ബാങ്ക് അക്കൗണ്ട് വഴി നൽകിയത്. അവസാന വട്ടം പണം കൊടുത്ത ശേഷം ഒരു മാസത്തിനകം വിസ ലഭിക്കും എന്നാണ് തട്ടിപ്പ് സംഘം ഇവരെ അറിയിച്ചിരുന്നത്. സിനി, ഭർത്താവ്, മകൻ എന്നിവർക്ക് ഫാമിലി വിസ കിട്ടുന്നതിനായി സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പും യു കെ എക്സ്പ്രസ്സിൻ്റെ മാനേജരായ സാൻ കെ മാത്യു ഇവർക്ക് അയച്ചു കൊടുത്തിരുന്നു. എന്നാൽ ഇത് വ്യാജ രേഖയായിരുന്നുവെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു.


ബന്ധു മുഖേനയാണ് സിനി ഏജൻസിയെക്കുറിച്ച് അറിഞ്ഞത്. വിസ കിട്ടാതെ വന്നപ്പോൾ പ്രതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കാക്കനാടുള്ള ഏജൻസി ഓഫീസിൽ ഇവർ ചെന്നപ്പോൾ അടഞ്ഞു കിടക്കുകയുമായിരുന്നു.


തട്ടിപ്പിനിരയായവരുടെ പരാതിയെ തുടർന്ന് സ്ഥാപനത്തിൻ്റെ മാനേജരായ സാൻ കെ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാൾ ജാമ്യം കിട്ടി പുറത്തു വരുകയും ചെയ്തു. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മറ്റ് പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ സമാനമായ കേസ്സുകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home