പത്തൊമ്പതുകാരി മരിച്ചത് വാഹനാപകടത്തിലല്ലെന്ന് കുടുംബം; കൊലപാതകമെന്ന് സംശയം: മുഖ്യമന്ത്രിക്ക് പരാതി

പുനലൂർ : ഒരുവർഷം മുമ്പ് വാഹനാപകടത്തിൽ 19 വയസ്സുകാരി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പുനലൂർ പ്ലാച്ചേരി വട്ടപ്പട പ്ലാവിള വീട്ടിൽ പവിത്ര എസ് രാജേഷിന്റെ മരണത്തിലാണ് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. മകളുടേത് വാഹനാപകടമല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി അമ്മ സുലേഖ മുഖ്യമന്ത്രിക്ക് പരാതി നൽകി. തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 18-നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ നാലിനും 4.10നും ഇടയിൽ തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഉറുകുന്ന് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. അജിത്ത് എന്ന വ്യക്തിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പവിത്ര. ഉറുകുന്ന് ഭാഗത്തേക്ക് വരവെ വാഹനം മറിഞ്ഞ് പവിത്രയ്ക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എന്നാൽ, പൊലീസിന്റെ ഇൗ വാദങ്ങൾ പൂർണമായും തള്ളിയാണ് കുടുംബം രംഗത്തെത്തിയത്. പവിത്രയുടെ അയൽവാസികളായ ശ്രീനാഥ്, അശോക് എന്നിവരും മറ്റു ചിലരും ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുകയും അർധരാത്രിയോടെ അപായപ്പെടുത്തുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
19 വയസ്സ് മാത്രമുള്ള പെൺകുട്ടി അർധരാത്രി എങ്ങനെ വീടിന് പുറത്തിറങ്ങി എന്നോ കിലോമീറ്ററുകൾ അകലെയുള്ള തെന്മലയിലും ഉറുകുന്നിലും എങ്ങനെയെത്തി എന്നോ തെന്മല പൊലീസ് ഗൗരവമായി അന്വേഷിച്ചിട്ടില്ല. തലയിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇത് വാഹനാപകടത്തിൽ സംഭവിച്ചതല്ലെന്നും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് ഒപ്പമുണ്ടായിരുന്നവരുടെ സംഭാഷണങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്ന് കുടുംബം ആരോപിക്കുന്നു. തെന്മല പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കുടുംബം ഉയർന്ന ഉദ്യോഗസ്ഥരെയും സർക്കാരിനെയും സമീപിച്ചത്.









0 comments