കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; പാരാപവർലിഫ്റ്റിങ്ങിൽ ജണ്ടു കുമാറിന് വെങ്കലം

photo credit: ANI
ഗ്ലാസ്ഗ്ലോ (സ്‌കോട്ട്‌ലൻഡ്) : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. പാരാപവർലിഫ്റ്റിങ്ങിൽ ഇന്ത്യൻ താരം ജണ്ടു കുമാർ വെങ്കലം നേടി. ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗ് ഇനത്തിൽ വെങ്കലം നേടി ജണ്ടു കുമാർ ഇന്ത്യയുടെ മെഡൽ അക്കൗണ്ട് തുറന്നു.
181, 190 കിലോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കി 130.9 പോയിന്റുകൾ നേടിയാണ് ജണ്ടുവിന്റെ വിജയം. 196 കിലോഗ്രാമിന്റെ അവസാന ശ്രമം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ ഇനത്തിൽ മറ്റൊരു ഇന്ത്യൻ താരം സുധീർ 114.1 പോയിന്റുമായി ആറാമതായി ഫിനിഷ് ചെയ്തു. ബിഹാർ സ്വദേശിയാണ് 28കാരനായ ജണ്ടു കുമാർ.
നൈജീരിയയുടെ ഇദ്രിസ് റിലുവാൻ 208 കിലോഗ്രാം ഉയർത്തി 132.8 പോയിന്റുമായി സ്വർണ്ണം നേടി. ഇംഗ്ലണ്ടിന്റെ മാത്യു ഹാർഡിംഗ് 199 കിലോ ഉയർത്തി 131 പോയിന്റുമായി വെള്ളി നേടി. പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് പാരാ പവർലിഫ്റ്റിംഗ് ഇനത്തിൽ ഇന്ത്യയ്ക്ക് മെഡൽ നഷ്ടമായി.
143.8 പോയിന്റുമായി ഇന്ത്യയുടെ അശോക് മാലിക് നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ മാർക്ക് സ്വാൻ 153.9 പോയിന്റുമായി സ്വർണ്ണം നേടി. നൈജീരിയയുടെ റോളണ്ട് എസുറുയികെ (153.9) വെള്ളിയും മലേഷ്യയുടെ ബോണി ബുന്യൗ ഗസ്റ്റിൻ (153.5) വെങ്കലവും നേടി.









0 comments