ദേശാഭിമാനിയുടെ പേരിൽ വ്യാജപ്രചാരണം; പൊലീസ് മേധാവിക്ക് പരാതി നൽകി


സ്വന്തം ലേഖകൻ
Published on Apr 25, 2026, 06:00 AM | 2 min read
തിരുവനന്തപുരം : ദേശാഭിമാനിയുടെ പേരിൽ തുടർച്ചയായി വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സിപിഐ എമ്മിനും നേതാക്കൾക്കുമെതിരെ ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡുകൾ ഇറക്കിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. നേരത്തെ വ്യാജകാർഡുകൾ ഇറക്കിയിരുന്നെങ്കിലും ഇപ്പോൾ വ്യാപകമായ സാഹചര്യത്തിലാണ് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പരാതി നൽകിയത്.
ദേശാഭിമാനി ലോഗോയും ഡിസൈനും ഫോർമാറ്റും അടക്കം ഉപയോഗിച്ചാണ് വ്യാജ കാർഡുകൾ പ്രചരിപ്പിക്കുന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജിന്റെ ചിത്രവും ദുരുപയോഗിച്ചു. പ്രതീഷ് വിശ്വനാഥൻ എന്ന സംഘപരിവാർ നേതാവ് എം സ്വരാജിനെ സന്ദർശിച്ചു എന്ന നിലയിൽ വ്യാജചിത്രം ആദ്യം പ്രചരിപ്പിച്ചു. പിന്നീട്, സൗഹൃദം കൊണ്ടാണ് സന്ദർശിച്ചതെന്നും വിവാദമാക്കരുതെന്നും എം സ്വരാജ് പറഞ്ഞതായി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കി പ്രചരിപ്പിച്ചു. വയനാട് ടൗൺഷിപ്പിൽ മൂന്നു വീടുകൾക്കു മാത്രമാണ് ചോർച്ച എന്ന പേരിലും ദേശാഭിമാനിയുടെ പേരിൽ വ്യാജകാർഡ് പ്രചരിപ്പിച്ചു.
ദുരിതബാധിതരിൽനിന്ന് മുസ്ലീം ലീഗ് 12,000 രൂപ വീതം നിർബന്ധിത പിരിവ് നടത്തിയത് ദേശാഭിമാനി വാർത്തയാക്കിയിരുന്നു. ഇൗ വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചതായി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കി പ്രചരിപ്പിച്ചു. കെ ടി ജലീലിന്റെ പ്രസ്‌താവന എന്ന പേരിലും സമാനമായ വ്യാജ കാർഡിറക്കി. ദേശാഭിമാനിയുടെയും പാർടിനേതാക്കളുടെയും വിശ്വാസ്യതയെ ഇല്ലാതാക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണുണ്ടായത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വ്യാജ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും പരാതിയിൽ പറഞ്ഞു.
എം സ്വരാജും പരാതി നൽകി
‘ദേശാഭിമാനി'യുടേതെന്ന പേരിൽ തനിക്കെതിരെ വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ റസിഡന്റ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എം സ്വരാജ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പ്രതീഷ് വിശ്വനാഥൻ എന്നയാൾ തന്നെ കാണാൻ വന്നത് സൗഹൃദത്തിന്റെ പേരിലാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും താൻ പറഞ്ഞതായാണ് പ്രചരിപ്പിച്ചത്.
പ്രതീഷ് വിശ്വനാഥ് എന്നയാളെ തനിക്ക് അറിയില്ല. വിവാദ ഹിന്ദുത്വ ആക്ടിവിസ്റ്റും സാമൂഹ്യവിരുദ്ധ, വർഗീയ പ്രവർത്തനങ്ങളിൽ ആരോപണവിധേയനുമാണ് അദ്ദേഹമെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ ഒരാളുമായി തനിക്ക് സൗഹൃദമാണെന്ന് പ്രചരിപ്പിക്കുന്നത് തന്റെ സംശുദ്ധമായ രാഷ്‌ട്രീയ, വ്യക്തി ജീവിതത്തെ കരിവാരിത്തേയ്‌ക്കാൻ ഉദ്ദേശിച്ചാണ്. ദേശാഭിമാനി ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള കാർഡ് അമ്പതിനായിരത്തിലേറെ പേരാണ് കണ്ടതും പ്രതികരിച്ചതും. ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.










0 comments