ദേശാഭിമാനിയുടെ പേരിൽ വീണ്ടും വ്യാജപ്രചാരണം; അന്വേഷണം തുടരുന്നു

ദേശാഭിമാനിയുടെ പേരിൽ വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ച കാർഡ്
തിരുവനന്തപുരം: ദേശാഭിമാനിയുടെ പേരിൽ സോഷ്യൽമീഡിയയിലൂടെ വ്യാജപ്രചാരണം തുടരുന്നു. മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും ചിത്രം ഉപയോഗിച്ച് ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡുകൾ ഇറക്കിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. തുടർച്ചയായുള്ള വ്യാജപ്രചാരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ എം സ്വരാജ് എന്നിവർ പരാതി നൽകിയിട്ടുണ്ട്.
ദേശാഭിമാനി ലോഗോയും ഡിസൈനും ഫോർമാറ്റും അടക്കം ഉപയോഗിച്ചാണ് വ്യാജ കാർഡുകൾ പ്രചരിപ്പിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ പി എ മുഹമ്മദ് റിയാസും ജോൺ ബ്രിട്ടാസും നരേന്രമോദിയെ സന്ദർശിക്കുമെന്നാണ് പുതിയ വ്യാജപ്രചാരണം.
മുസ്ലിം ലീഗ് സൈബർകേന്ദ്രങ്ങളാണ് ഈ വ്യാജപ്രചാരണത്തിനും പിന്നിലെന്നാണ് കരുതപ്പെടുന്നത്. ദുരിതബാധിതരിൽനിന്ന് മുസ്ലീം ലീഗ് 12,000 രൂപ വീതം നിർബന്ധിത പിരിവ് നടത്തിയത് ദേശാഭിമാനി വാർത്തയാക്കിയിരുന്നു. ഈ വാർത്ത പുറത്തുവിട്ടതിന് പിന്നാലെ ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡുകൾ ലീഗ് സൈബർ സംഘം തുടർച്ചയായി പ്രചരിപ്പിച്ചിരുന്നു. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചതായി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കി പ്രചരിപ്പിച്ചു. കെ ടി ജലീലിന്റെ പ്രസ്‌താവന എന്ന പേരിലും സമാനമായ വ്യാജ കാർഡിറക്കി.
ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജിന്റെ ചിത്രവും ദുരുപയോഗിച്ചു. പ്രതീഷ് വിശ്വനാഥൻ എന്ന സംഘപരിവാർ നേതാവ് എം സ്വരാജിനെ സന്ദർശിച്ചു എന്ന നിലയിൽ വ്യാജചിത്രം ആദ്യം പ്രചരിപ്പിച്ചു. പിന്നീട്, സൗഹൃദം കൊണ്ടാണ് സന്ദർശിച്ചതെന്നും വിവാദമാക്കരുതെന്നും എം സ്വരാജ് പറഞ്ഞതായി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കി പ്രചരിപ്പിച്ചു. വയനാട് ടൗൺഷിപ്പിൽ മൂന്നു വീടുകൾക്കു മാത്രമാണ് ചോർച്ച എന്ന പേരിലും ദേശാഭിമാനിയുടെ പേരിൽ വ്യാജകാർഡ് പ്രചരിപ്പിച്ചു.
ദേശാഭിമാനി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതികളിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമ്പാനൂർ എസ്എച്ച്ഒ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ തമ്പാനൂർ പൊലീസിന് കൈമാറുകയായിരുന്നു. വ്യാജ കാർഡുകളും ലിങ്കുകളും സഹിതമാണ് പരാതി നൽകിയത്. വ്യാജ പ്രചാരണം ആസൂത്രിതമാണെന്നും ഇതിന് പിന്നിലുള്ളവരെക്കുറിച്ച് സൂചനകൾ ലഭിച്ചതുമായി പൊലീസ് അറിയിച്ചു.










0 comments