ഇലക്ടറൽ ബോണ്ട് വ്യാജവാർത്ത; മനോരമയുടേത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള നീക്കം: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on May 25, 2025, 06:20 PM | 1 min read

തിരുവനന്തപുരം : ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്ന മനോരമ വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും പാർടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയത്‌ സിപിഐ എം ആണ്‌. മാത്രമല്ല, ഇലക്ടറൽ ബോണ്ട്‌ വാങ്ങാത്തത്‌ ഇടതുപക്ഷ പാർടികൾ മാത്രമാണെന്ന വസ്‌തതുത നേരത്തെ പുറത്തുവന്നതും മനോരമയുൾപ്പെടെയുള്ള മാധ്യമങ്ങൾ അത്‌ റിപ്പോർട്ട് ചെയ്‌തതുമാണ്‌. എന്നിട്ടും വസ്‌തുതാവിരുദ്ധമായ വാർത്തയാണ്‌ നൽകിയത്‌. ഇതിനെതിരെ സിപിഐ എം നിയമനടപടി സ്വീകരിക്കും.


കേരളത്തിൽ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനം യാഥാർഥ്യമാകുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌. ഈ വസ്‌തുത ജനങ്ങൾ അംഗീകരിച്ചതാണ്‌. പത്താം വർഷത്തിലേക്ക്‌ കടക്കുന്ന സർക്കാരിന്റെ വികസനപാതയിലെ സുപ്രധാനമായ അധ്യായവുമാണിത്‌. ഇത്‌ യുഡിഎഫിന്‌ തിരിച്ചടിയാകുമെന്നതിനാലാണ്‌ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ മനോരമ തെറ്റായ വാർത്ത നൽകിയത്‌.


നിർമാണത്തിലെ അപാകതകൾ കാരണം ദേശീയപാതയുടെ ചില ഭാഗങ്ങളിലുണ്ടായ തകർച്ച എൽഡിഎഫിന്റെ മേൽ ചാരാനുള്ള ശ്രമമാണ്‌ വാർത്തയിലൂടെ. ഇപ്പോൾ വിവാദത്തിലായ കമ്പനികൾ കോൺഗ്രസിനും ബിജെപിക്കും ഇലക്ടറൽ ബോണ്ടായി കോടികൾ നൽകിയതായ വിവരം പുറത്തുവന്നതാണ്‌. അതിനൊപ്പം സിപിഐ എമ്മിനേയും ചേർത്തുകെട്ടാനാണ്‌ മനോരമ ശ്രമിക്കുന്നത്‌. ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐ എം സ്വീകരിച്ച നിലപാട്‌ നേരത്തെതന്നെ രാജ്യം അംഗീകരിച്ചതാണ്‌. അതിനെ വ്യാജവാർത്തകൊണ്ട്‌ മറയ്‌ക്കാൻ കഴിയില്ല. ബിജെപിക്ക്‌ 6,566 കോടിയും കോൺഗ്രസിന്‌ 1,123 കോടിയുമാണ്‌ ഇലക്ടറൽ ബോണ്ടായി ലഭിച്ചതെന്ന്‌ സുപ്രീം കോടതിയുടെ വിധിയുടെ ഭാഗമായി ചേർത്ത അനുബന്ധ രേഖയിലുണ്ട്‌. സിപിഐ എം ഇലക്ടറൽ ബോണ്ട് വഴി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഈ വസ്‌തുത നിലനിൽക്കെയാണ്‌ മനോരമ വ്യാജവാർത്ത നൽിയത്‌. സിപിഐ എമ്മിനെതിരായി നിരന്തരം വ്യാജവാർത്ത നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്‌- സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home