ആ വാഗ്ദാനങ്ങളിൽ വീഴല്ലേ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിലുള്ള ജോലി വാഗ്ദാനങ്ങൾ വ്യാജം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നതായി കോളേജ് പ്രിൻസിപ്പലിന്റെ മുന്നറിയിപ്പ്. നിലവിൽ ജോലി വാഗ്ദാനങ്ങൾ നൽകികൊണ്ടുള്ള അറിയിപ്പ് സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ലെന്ന് അധികൃതർ അറിയിക്കുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രമാധ്യമങ്ങളിലൂടെയും സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡ് മുഖേനയുമാണ് അറിയിക്കുക. വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയോ വ്യക്തിഗത വിവരങ്ങളോ പണമോ നൽകുകയോ ചെയ്യരുതെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് സ്റ്റേഷനിലോ സ്ഥാപനത്തിലോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.










0 comments