Deshabhimani

print edition ഫാക്ടിനെ സംരക്ഷിക്കാൻ സർക്കാരുകൾ ഇടപെടണം: സിഐടിയു

FACT
വെബ് ഡെസ്ക്

Published on Nov 20, 2026, 02:00 AM | 1 min read

തിരുവനന്തപുരം : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ സംരക്ഷണത്തിന്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന്‌ സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഫാക്ട്‌ വീണ്ടും ഗുരുതര പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് നീങ്ങുകയാണ്‌. വ്യവസായത്തെ സംരക്ഷിക്കേണ്ട കേന്ദ്രസർക്കാരും മാനേജ്‌മെന്റും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യൂറിയ അടക്കമുള്ളവയുടെ ഉൽപ്പാദനം പുനഃസ്ഥാപിക്കണം. വിപണി സാധ്യത പ്രയോജനപ്പെടുത്തുന്നതിലും ഉൽപ്പാദനവും വിപണനവും ഏകോപിപ്പിക്കുന്നതിലും ഉണ്ടായ വീഴ്ചകൾ തിരുത്തണം.

80,000 മെട്രിക് ടൺ എൻപികെ വളവും 25,000 മെട്രിക് ടൺ അമോണിയം സൾഫേറ്റും വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നു. അമോണിയം സൾഫേറ്റിന്റെ അനിയന്ത്രിത ഇറക്കുമതി കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. ആന്റി- ഡമ്പിങ്‌ നികുതി ഉയർത്തണം. ക്രെഡിറ്റ് വിൽപ്പനയിൽനിന്ന്‌ മാനേജ്‌മെന്റ് പിന്മാറണം. സഹകരണ മേഖലയിലെ വളം ഗോഡൗണുകളിൽ ഫാക്ടിന്റെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കണം. ഫാക്ടറിയുടെ ചെറുകിട വിൽപ്പനശൃംഖല വിപുലമാക്കണം. 40 ലക്ഷം രൂപ വിപണിമൂല്യമുള്ള 28 ടൺ ഫോസ്‌ഫോറിക് ആസിഡ് അനധികൃതമായി ഫാക്ടിൽനിന്ന്‌ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം കോർപ്പറേറ്റ് പ്ലാനിങ്ങിന്റെ കള്ളക്കളിയാണ്.

അമോണിയ പ്ലാന്റ് അടച്ചുപൂട്ടാൻ അനുവദിക്കരുത്‌. കൊച്ചിൻ ഡിവിഷനിലെ ഫോസ്ഫോറിക് ആസിഡ് പ്ലാന്റ് നവീകരിക്കുകയും ഡയറക്ടർ ബോർഡ് അംഗീകരിച്ച പുതിയ സൾഫ്യൂറിക് ആസിഡ് പ്ലാന്റിന്റെയും ഫോസ്‌ഫോറിക് ആസിഡ് പ്ലാന്റിന്റെയും നിർമാണം ഉടൻ ആരംഭിക്കുകയും വേണം. കാപ്രോലാക്ടം പ്ലാന്റ് ഉടൻ പൂർണ ഉൽപ്പാദനക്ഷമമാക്കണം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 60 കോടി രൂപ ഇതിനായി ഉടൻ കൈമാറണം. രാസവള നിർമാണശാലകൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യം ഉടൻ ഫാക്ടിന് ലഭ്യമാക്കണം. 1770 കോടി രൂപയുടെ വായ്‌പ കമ്പനിയുടെ ഇക്വിറ്റി ഓഹരിയായി മാറ്റാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണം. ഗ്രീൻഫീൽഡ് യൂറിയ പ്ലാന്റിന് ഉടൻ അംഗീകാരം നൽകണം.

വ്യവസായത്തിന്റെ നിലനിൽപ്പിനായി ‘സേവ് ഫാക്ട്' പ്രസ്ഥാനം ഉയർത്തുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നു. ഫാക്ടിനെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുത്തുതോൽപ്പിച്ച് പൊതുമേഖലയിൽ നിലനിർത്തിയത് തൊഴിലാളികളുടെ യോജിച്ച പോരാട്ടത്തിന്റെ ഫലമായാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ പ്രസ്‌താവനയിൽ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home