ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ചെലവ് 23 ശതമാനം


സ്വന്തം ലേഖകൻ
Published on Nov 20, 2026, 01:47 AM | 1 min read
കൊല്ലം
ഏഴരമാസം പിന്നിട്ടിട്ടും പദ്ധതിവിഹിതത്തിന്റെ രണ്ടാം ഗഡു ലഭിക്കാത്തതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിചെലവ് കുത്തനെ ഇടിഞ്ഞു. മുൻ വർഷങ്ങളിൽ നവംബറിൽ ജില്ലയിലെ പദ്ധതി ചെലവ് 35 ശതമാനം കടക്കുമായിരുന്നു. എന്നാൽ, 23ശതമാനം മാത്രമാണ് നിലവിലെ പദ്ധതിചെലവ്. സ്‌പിൽ ഓവർകൂടി ചേരുമ്പോഴാണ് ഇത്രയും തുക. പദ്ധതി നിർവഹണം ഇഴയുന്നതിനൊപ്പം സർക്കാരിൽനിന്നുള്ള രണ്ടാം ഗഡുവും വൈകുന്നതിനാൽ വൻതുകയുടെ പദ്ധതികൾ ഇൗ സാമ്പത്തികവർഷം നടപ്പാകില്ല. അത് അടുത്ത സാമ്പത്തികവർഷത്തേക്ക് മാറ്റിവയ്ക്കേണ്ടിവരും. സാധാരണ സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ രണ്ടാം ഗഡു അനുവദിക്കുന്നതാണ്. സർക്കാർ പണം അനുവദിച്ചാലേ വിവിധ ക്ഷേമപദ്ധതികളുടെ അടക്കം ബില്ലുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് ട്രഷറിയിൽനിന്ന് നൽകാനാകൂ. ഫണ്ട് വെട്ടിക്കുറച്ചതോടെ പ്രഖ്യാപിച്ച പല പദ്ധതികളും ഇക്കൊല്ലം യാഥാർഥ്യമാകില്ലെന്ന് ഉറപ്പാണ്. പുതിയ ഭരണസമിതികൾ പ്രഖ്യാപിച്ച പല പുതിയ പദ്ധതികളും മുടങ്ങും. മാലിന്യസംസ്കരണം, സ്കൂളുകളുടെ അറ്റകുറ്റപ്പണി, റോഡ് നന്നാക്കൽ, ഭിന്നശേഷിക്കാരുടെ സ്‌കോളർഷിപ്, ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ധനസഹായവും അധ്യാപകർക്കുള്ള ശമ്പളവും, സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണം, കർഷകർക്കുള്ള സബ്‌സിഡി, ഫാമുകളുടെ പ്രവർത്തനം, പാലിയേറ്റീവ് കെയർ ഉൾപ്പെടെ ക്ഷേമപ്രവർത്തനങ്ങൾ, പകർച്ചവ്യാധി പ്രതിരോധം, പ്രവൃത്തി പൂർത്തിയാക്കിയ കരാറുകാരുടെ ബില്ല്, അങ്കണവാടികളിലെ പോഷകാഹാരം എന്നിവ സമയബന്ധിതമായി മുന്നോട്ട്‌കൊണ്ടുപോകാൻ കഴിയില്ല. കഴിഞ്ഞ മാർച്ചിലാണ് ഇൗ വർഷത്തെ പദ്ധതിചെലവ് രൂപീകരിച്ചത്. തദ്ദേശതെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിങ്ങനെ രണ്ട് തെരഞ്ഞെടുപ്പുകളുടെ പെരുമാറ്റചട്ടത്തിൽ രണ്ടു മാസത്തിലേറെ നടപ്പുവർഷ പദ്ധതി നിർവഹണം സ്‌തംഭിച്ചിരുന്നു. പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലാവധി തീർന്നശേഷം പതിനാറാം ധനകാര്യ കമീഷന്റെ പദ്ധതി മാർഗരേഖകൾ വൈകിയതും പദ്ധതിചെലവിനെ ബാധിച്ചു. നേരത്തെ വാർഷികപദ്ധതിക്കൊപ്പം തന്നെ ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളും തയ്യാറാക്കുമായിരുന്നു. എന്നാൽ, ഇത്തവണ രണ്ടുമാസം മുന്പാണ് പതിനാറാം ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികൾ തയ്യാറാക്കിയത്.







0 comments