അതിദാരിദ്ര്യമുക്ത കേരളം പിറന്നു; എങ്ങും നിറയുന്നു പുഞ്ചിരി

മിൽജിത് രവീന്ദ്രൻ
Published on Nov 01, 2025, 11:53 AM | 1 min read
തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധനം, സാർവത്രിക വിദ്യാഭ്യാസം, ജനകീയാസൂത്രണം, സമ്പൂർണ സാക്ഷരത– രാജ്യം അതിശയത്തോടെ നോക്കിക്കണ്ട കേരള മാതൃകകളിൽ ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടവും. രണ്ടാം പിണറായി സർക്കാർ ആദ്യമെടുത്ത തീരുമാനമാണ് നാലുവർഷത്തെ കഠിനപ്രയ്‌തനത്തിലൂടെ ഫലപ്രാപ്‌തിയിലെത്തുന്നത്. എല്ലാവരെയും ചേർത്തുപിടിച്ചുള്ള കേരള വികസനമാതൃകയുടെ തെളിവുകൂടിയാണ് അതിദാരിദ്ര്യ നിർമാർജനം.
സാമൂഹ്യസുരക്ഷയിലും പശ്‌ചാത്തലസൗകര്യ വികസനത്തിലും ഉൗന്നിയുള്ള വികസനമാതൃകയാണ് എൽഡിഎഫ് സർക്കാരിന്റേത്. ദേശീയപാത വികസനവും ഗെയിൽ പൈപ്പ്‌ലൈനും പവർഹൈവേയും യാഥാർഥ്യമാക്കിയ സർക്കാർ വിഴിഞ്ഞം തുറമുഖം ലക്ഷ്യമിട്ടതുനുമുമ്പേ പൂർത്തിയാക്കി. മലയോര, തീരദേശ ഹൈവേകളും ദേശീയ ജലപാതയും അതിവേഗം പുരോഗമിക്കുന്നു. ബജറ്റിനു പുറമെ കിഫ്‌ബി വഴിമാത്രം 90,562 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയത്.
ഐടി മേഖലയിൽ സമാനതകളില്ലാത്ത കുതിപ്പുണ്ടായി. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെഫോൺ പദ്ധതിയും യാഥാർഥ്യമായി. വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിൽ 28ൽനിന്ന് ഒന്നാം റാങ്കിലേക്ക് മുന്നേറിയതും ഇൗ കാലയളവിലാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സംസ്ഥാനം ലോകനിലവാരത്തിലേക്ക് ഉയരുന്നു.
ലൈഫ് പദ്ധതിയിൽ അഞ്ചുലക്ഷത്തോളം ഭവനങ്ങളാണ് ഉയർന്നത്. അഞ്ചുലക്ഷത്തോളം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി പട്ടയം നൽകി. 62 ലക്ഷം പേർ നവംബർമുതൽ മാസം 2000 രൂപവീതം ക്ഷേമപെൻഷൻ കൈപ്പറ്റും. ഭൂരഹിതരായ പട്ടികവർഗക്കാരില്ലാത്ത സംസ്ഥാനത്തിലേക്കുള്ള യാത്രയിലും വലിയ മുന്നേറ്റം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും മുഖ്യധാരയിലെത്തിക്കാനുള്ള അസംഖ്യം പദ്ധതികളും സർക്കാർ ഏറ്റെടുത്തു.
രാജ്യത്താദ്യമായി സ്‌ത്രീകൾക്ക് സുരക്ഷാപെൻഷൻ പ്രഖ്യാപിച്ചതും യുവതീ യുവാക്കൾക്ക് തൊഴിൽ നേടാൻ സ്‌കോളർഷിപ് ആവിഷ്‌കരിച്ചതുമാണ് ഏറ്റവും പുതിയത്. കോവിഡിന്റെ തുടർച്ചയായി ആഗോളതലത്തിലുണ്ടായ സാമ്പത്തിക, തൊഴിൽ തകർച്ചയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധവും സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളും അതിജീവിച്ചാണ് പുതുയുഗത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം.








0 comments