നനഞ്ഞിരുന്നു പണ്ട്; ഇപ്പോൾ നിറയുന്നു പുഞ്ചിരി

കെ വി രഞ്ജിത്ത്
Published on Nov 01, 2025, 08:58 AM | 1 min read
അട്ടേങ്ങാനം (കാസർകോട്): പ്ലാസ്‌റ്റിക് വലിച്ചുകെട്ടിയ ഓലപ്പുരയിൽ കുട്ടിയമ്മ മഴനനഞ്ഞു കണ്ട കിനാവാണ് അടച്ചുറപ്പുള്ള വീട്. മഴ എത്തിനോക്കിയാൽപ്പോലും ചോർന്നൊലിക്കുന്ന കൂരയിൽ ഉറക്കമിളച്ചിരുന്ന് പാത്രങ്ങൾ നിരത്തി ചോർച്ചയെ തടുത്ത ദുരിതകാലങ്ങളെ കുട്ടിയമ്മ മായ്‌ച്ചുകളയുകയാണ്. അതിദരിദ്രരില്ലാത്ത കേരളത്തിന്റെ ആയിരക്കണക്കിന് ബ്രാൻഡ് അംബാസഡർമാരിലൊരാളാണിന്ന് കോടോംബേളൂർ പഞ്ചായത്ത് 19–ാം വാർഡ് മുട്ടിച്ചരൽ കാട്ടിപ്പാറയിലെ കിഴക്കേപ്പറന്പിൽ കുട്ടിയമ്മയെന്ന എഴുപത്തിയഞ്ചുകാരി. വെള്ളതേച്ച് ഭംഗിയാക്കിയ പുതിയ വീടിനുമുന്നിൽ വടിയൂന്നിനിന്നുള്ള ആ നിറകൺചിരിക്ക് എന്തൊരു തിളക്കം.
പുതിയ വീട്ടിൽ താമസിക്കുന്പോൾ ക്ഷേമ പെൻഷൻ വർധിക്കുന്നതിന്റെ സന്തോഷത്തിലാണ് കുട്ടിയമ്മ. ‘പൊളിഞ്ഞുവീഴാറായ വീട്ടിലായിരുന്നു മോനേ കുറേക്കാലം. എന്റെ ദുരിതമറിഞ്ഞ് സഹായിക്കാൻ നാട്ടുകാരും നമ്മടെ സർക്കാരുമുണ്ടായി. ഭൂമി തന്ന് വീടും കെട്ടിത്തന്നത് ചാകുവോളം മറക്കില്ല’– കാലങ്ങളായി ജീവിച്ച മണ്ണിൽ ആശങ്കകളേതുമില്ലാത്ത ജീവിതം ഉറപ്പായതിന്റെ സന്തോഷം അവരുടെ വർത്തമാനത്തിലുണ്ട്. ഇന്നിപ്പോൾ സ്വന്തമായി ഭൂമിയും വീടും രേഖകളും പെൻഷനുമെല്ലാം കുട്ടിയമ്മയ്ക്കുണ്ട്.
മൂന്നു പതിറ്റാണ്ടുമുമ്പ് കോട്ടയം ഇൗരാറ്റുപേട്ടയിൽനിന്ന് മകനൊപ്പമാണ് ഇവിടെയെത്തിയത്. പുറമ്പോക്കിൽ കുടിൽകെട്ടി താമസം. മകൻ കുമ്പളയിലേക്ക് താമസം മാറിയപ്പോൾ ഒറ്റയ്‌ക്കായി. സർക്കാർ രേഖകളിലെവിടെയും കുട്ടിയമ്മയെന്ന പേരില്ല. വാർധക്യം ബാധിച്ചതോടെ പത്തു വർഷമായി ജോലി ചെയ്യാനാകാതായി. പഴയ കൂരയ്ക്കുമുന്നിലാണ് പുതിയ കോൺക്രീറ്റ് വീട്. പ്രായമായതിനാൽ കുട്ടിയമ്മയെ സർക്കാർ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. വർഷങ്ങളായി താമസിച്ച സ്ഥലത്തുനിന്ന് മാറാൻ കുട്ടിയമ്മ ഒരുക്കമായിരുന്നില്ല. ഇതോടെ, കലക്ടറുടെ അനുമതി വാങ്ങി 10 സെന്റ് പുറന്പോക്ക് ഭൂമി കുട്ടിയമ്മയുടെ പേരിലാക്കി ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചുനൽകി. റേഷൻകാർഡും അനുവദിച്ചു.
രേഖകൾ ശരിയാക്കി വാർധക്യകാല പെൻഷനും അനുവദിച്ചു. മാസംതോറും ഭക്ഷ്യക്കിറ്റ് സൗജന്യമായി വീട്ടിലെത്തുന്നു. പഞ്ചായത്തിൽ അതിദാരിദ്ര്യപ്പട്ടികയിൽ 28 പേരാണുണ്ടായത്. അന്തിമ പട്ടികയിലുണ്ടായിരുന്ന 16 പേരെ ആനുകൂല്യങ്ങൾ നൽകി പുനരധിവസിപ്പിച്ചു.










0 comments