print edition ആഭ്യന്തരമന്ത്രിയുടെ നുണ പൊളിച്ചടുക്കി

തൃശൂർ മാടക്കത്തറയിൽ സിപിഒ സജീവന്റെ വീടിനുമുന്നിൽ 2025ൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം (ഫയൽ ചിത്രം)
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷം പൊലീസ് ഓഫീസർമാരുടെ വീടുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയിട്ടില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാദം പൊളിഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് കോൺഗ്രസ് നടത്തിയ അക്രമസമരം തെളിവുസഹിതം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ തുറന്നുകാട്ടി.
പൊലീസ് നരനായാട്ടിനെതിരായി നൽകിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിക്കിടെയാണ് കഴിഞ്ഞ പത്തുവർഷം പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് തങ്ങൾ സമരം നടത്തിയിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത്. എന്നാൽ, വാക്കൗട്ടിനു മുന്പുള്ള പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് ഇത് പൊളിച്ചു. തന്റെ ഗൺമാനായിരുന്ന അനിൽകുമാറിന്റെ വീട്ടിലേക്ക് കോൺഗ്രസുകാർ നടത്തിയ നൈറ്റ് മാർച്ചിന്റെ പടം ഉയർത്തിയായിരുന്നു മറുപടി.
സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന സന്ദീപിന്റെ വീട്ടിലേക്കും കുന്നംകുളം എസ്‌ഐ ആയിരുന്ന നുഹ്‌മാന്റെ മലപ്പുറത്തെ വീട്ടിലേക്കും കോൺഗ്രസുകാർ നടത്തിയ മാർച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്‌ഘാടനം ചെയ്‌തത് ഡിസിസി പ്രസിഡന്റ് വി എസ് ജോയി ആയിരുന്നു. അദ്ദേഹം നിലവിൽ എംഎൽഎയാണ്. അക്രമത്തിലാണ് മാർച്ച് കലാശിച്ചത്. അതേ സ്‌റ്റേഷനിലെ സിപിഒ ആയിരുന്ന ശശിധരന്റെ തൃക്കൂരിലെ വീട്ടിലേക്കും മാർച്ച് നടത്തി. മറ്റൊരു സിപിഒ സജീവന്റെ മാടക്കത്തറയിലെ വീടിന് മുന്നിൽ 2025ൽ ‘വാണ്ടഡ്’ എന്ന പോസ്‌റ്റർ പതിച്ചെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.








0 comments