യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ. യുഡിഎഫ് 70 മുതൽ 80 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് വിവിധ എക്സിറ്റ് പോളുകളുടെ പ്രവചനം. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകൾ ആവശ്യമാണ്. എൽഡിഎഫിന് 55 മുതൽ 68 സീറ്റുകൾ വരെയും എൻഡിഎയ്ക്ക് പരമാവധി ഏഴ് സീറ്റുകൾ വരെയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് പൂർത്തിയായതോടെയാണ് ബുധനാഴ്ച വൈകിട്ടോടെ ദേശീയ മാധ്യമങ്ങളടക്കം എക്സിറ്റ് പോൾ കണക്കുകൾ പുറത്തുവിട്ടത്.
വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ
സിഎൻഎൻ-ന്യൂസ് 18: യുഡിഎഫ് (70-80), എൽഡിഎഫ് (58-68), എൻഡിഎ (0-4).
എൻഡിടിവി: യുഡിഎഫ് (75-85), എൽഡിഎഫ് (55-65).
മാട്രിസ്: യുഡിഎഫ് (70-75), എൽഡിഎഫ് (60-65).
പി മാർക്ക്, പീപ്പിൾസ് പൾസ്, ആക്സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ എന്നിവരും സമാനമായ ഫലങ്ങളാണ് പ്രവചിക്കുന്നത്.
2021 തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ പ്രവചനങ്ങളും യാഥാർഥ്യവും തമ്മിൽ വലിയ വ്യത്യാസം പ്രകടമായിരുന്നു. അന്ന് രണ്ട് സർവേകൾ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ മറ്റ് രണ്ട് ഏജൻസികൾ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. എൽഡിഎഫ് വിജയിക്കുമെന്ന് കരുതിയ സർവേകളിൽ ഭൂരിഭാഗവും 70 മുതൽ 80 വരെ സീറ്റുകൾ മാത്രമാണ് പ്രവചിച്ചിരുന്നത്. എന്നാൽ 99 സീറ്റുകൾ നേടി വലിയ മുന്നേറ്റത്തോടെയാണ് അന്ന് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയത്.










0 comments