എഥനോൾ നിർമാണ ഫാക്ടറി:എതിർപ്പ് കർണാടക മന്ത്രിമാർക്കുവേണ്ടി

പാലക്കാട്: കഞ്ചിക്കോട് സ്ഥാപിക്കുന്ന എഥനോൾ നിർമാണ ഫാക്‌ടറിക്കെതിരെ യുഡിഎഫ് രംഗത്തെത്തിയത് കർണാടകത്തിലെ കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുംവേണ്ടിയാണെന്ന് മന്ത്രി എം ബി രാജേഷ്. ഒരുതുള്ളി ഭൂഗർഭ ജലംപോലും കമ്പനിക്കായി എടുക്കേണ്ടിവരില്ലെന്ന് അറിഞ്ഞുകൊണ്ടുള്ള നുണപ്രചാരണം കുടിലമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘കേരളത്തിലേക്ക് 43 കമ്പനികളാണ് സ്‌പിരിറ്റ് എത്തിക്കുന്നത്. പ്രധാന കമ്പനി കർണാടകത്തിലെ ഹർഷ ഷുഗേഴ്‌സാണ്. അതിന്റെ ചെയർപേഴ്‌സൺ കോൺഗ്രസ് നേതാവായ കർണാടക വനിതാ, ശിശുക്ഷേമ മന്ത്രിയും ലക്ഷ്‌മി ആർ ഹെബ്ബൽക്കർ ആണ്. ബെലഗാവി റൂറലിലെ എംഎൽഎയായ ഇവർ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. മാനേജിങ് ഡയറക്ടർ ചന്നാരാജ് ഹട്ടിഹോളി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും ഏക ഡയറക്ടർ മൃണാൾ ഹെബ്ബൽക്കർ കർണാടക യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. കേരളത്തിൽ സ്‌പിരിറ്റ് എത്തിക്കുന്ന കർണാടകയിലെ മറ്റൊരു കമ്പനി അദാനി ഷുഗേഴ്‌സിന്റെ ചെയർമാൻ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബാലാസാഹിബ് പട്ടേലാണ്. വർഷം ഒരുകോടി ലിറ്റർ സ്‌പിരിറ്റ് കേരളത്തിലേക്ക് എത്തിക്കുന്ന മഹാരാഷ്ട്രയിലെ റാഡികോ എൻവി ഡിസ്റ്റിലറീസ് മഹാരാഷ്‌ട്ര ലിമിറ്റഡിന്റെ ഉടമ ചാരുദത്ത എന്ന അമിത് പാൽവെ മഹാരാഷ്‌ട്ര ബിജെപി മന്ത്രി പങ്കജ മുണ്ടെയുടെ ഭർത്താവാണ്. കഞ്ചിക്കോട് ഫാക്ടറി സ്ഥാപിച്ചാൽ വർഷം 18 കോടി ലിറ്റർ എഥനോൾ ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കാം. ഒരുതുള്ളിപോലും ഇറക്കുമതി ചെയ്യേണ്ടിവരില്ല. ആർക്കാണ് നഷ്ടമുണ്ടാകുകയെന്ന് കോൺഗ്രസിനും ബിജെപിക്കും നന്നായറിയാം. ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണമെന്ന്, പദ്ധതി നിർദേശിച്ച സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. പ്ലാച്ചിമട സമരത്തെക്കുറിച്ച് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
അന്ന് ഞാൻ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായിരിക്കെ 21 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തിരുന്നു. അന്ന് യുഡിഎഫ് നേതാക്കളെ ആരെയും കണ്ടില്ല. സ്‌പിരിറ്റ് നിർമാണ യൂണിറ്റുകൾക്ക് അനുമതി നൽകുമെന്ന് സർക്കാരിന്റെ മദ്യനയത്തിൽ വ്യക്തമാക്കിയതാണ്. ഫാക്ടറിക്ക് ആവശ്യമായ വെള്ളം മലമ്പുഴയിൽനിന്നും കമ്പനിയിൽ സ്ഥാപിക്കുന്ന മഴവെള്ള സംഭരണിയിൽനിന്നുമാണ് എടുക്കുക. ഇത് അണക്കെട്ടിന്റെ ജലസംഭരണത്തെ ബാധിക്കില്ലെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഞ്ചിക്കോട് വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇനിയും സംരംഭങ്ങൾ വരും. ആ സംരംഭകരെക്കൂടി ആശങ്കയിലാക്കാനാണ് ഈ സമരം''–- എം ബി രാജേഷ് പറഞ്ഞു.









0 comments