print edition ഇഎസ്എ വിജ്ഞാപനം; നിലപാടില്ലാതെ സർക്കാർ ; മലയോരത്ത് ആശങ്ക

ഒ വി സുരേഷ്
Published on Sep 21, 2026, 01:30 AM | 1 min read
തിരുവനന്തപുരം: സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല (ഇഎസ്‌എ) നിശ്ചയിച്ച കേന്ദ്രസര്‍ക്കാരിന്റെ കരടുവിജ്ഞാപനത്തിൽ നിലപാട് അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍. പരാതി അറിയിക്കാനുള്ള സമയം ഇൗ മാസം 25ന് തീരും. ജനങ്ങളുടെ ആശങ്കകളോട് മുഖംതിരിച്ചുനിൽക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ കടുത്ത അമര്‍ഷത്തിലാണ് മലയോര മേഖല. വിവിധ പ്രദേശങ്ങളില്‍ ജനങ്ങൾ സമരത്തിലാണ്. 131 വില്ലേജിലെ 9,993.7 ചതുരശ്ര കിലോമീറ്ററിലെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ആശങ്കയില്‍ കഴിയുന്നത്.
മുഖ്യമന്ത്രിയായശേഷം വി ഡി സതീശൻ നാലുതവണ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സന്ദർശിച്ചപ്പോൾ മലയോര ജനതയുടെ ആവശ്യം ഉന്നയിച്ചില്ല. ധനമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി രണ്ട് ദിവസം മുഴുവൻ സതീശൻ ഡൽഹിയിൽ ഉണ്ടായിരുന്നു. എന്നാല്‍ പരിസ്ഥിതിമന്ത്രിയെ സന്ദർശിച്ച് കേരളത്തിന്റെ സുപ്രധാനപ്രശ്‌നം ഉന്നയിക്കാൻ സമയം കണ്ടെത്തിയില്ല.
ഇഎസ്‌എ നിശ്‌ചയിച്ച ഏഴാമത്തെ കരടുവിജ്ഞാപനം വന്നത് ജൂലൈ 27നാണ്. മൂന്നുമാസമാകാറായിട്ടും യുഡിഎഫ് സർക്കാർ ഒരു നടപടിയും എടുക്കുന്നില്ല. എൽഡിഎഫ് സഹകരണം വാഗ്‌ദാനംചെയ്‌തിട്ടും സർക്കാർ നിസ്സംഗത തുടരുകയാണ്. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 131 വില്ലേജാണ് ഇഎസ്‌എ പരിധിയില്‍ വരുന്നത്. ഇടുക്കിയിൽമാത്രം 51 വില്ലേജുകൾ. എൽഡിഎഫ് സർക്കാർ ജനവാസ മേഖലകളെ ഒഴിവാക്കി ഫീൽഡ് സർവേ നടത്തി കേന്ദ്രത്തിന് റിപ്പോർട്ട് നല്‍കിയിരുന്നു. 98 വില്ലേജിലായി 8,590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ പരിധി ചുരുക്കണമെന്നായിരുന്നു ആവശ്യം. 2022 ജൂലൈ ഏഴിന് നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തു.
മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് ഉടലെടുത്ത ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കസ്‌തൂരിരംഗൻ കമീഷനാണ് 2014ൽ ഇഎസ്‌എ നിശ്‌ചയിച്ചത്. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന് അനുകൂല നിലപാടായിരുന്നു അന്ന് വി ഡി സതീശൻ ഉൾപ്പെടെയുള്ള ചില എംഎൽഎമാർ സ്വീകരിച്ചത്. അടുത്തക്കാലം വരെ ഇതേ നിലപാട് ആവർത്തിക്കുകയും ചെയ്‌തിരുന്നു.









0 comments