‘മെമു’വിൽ ശ്വാസംമുട്ടുന്നു

പാലക്കാട്
പെടാപ്പാടിന്റെ മറുവാക്കാണ് പാലക്കാട്–എറണാകുളം മെമു യാത്ര. ഓണമടുത്തതോടെ യാത്രക്കാർ കൂടിയതോടെ ‘ശ്വാസംമുട്ടി’യാണ് സഞ്ചാരം. മണിക്കൂറുകൾ നീളുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കാരണം ബസ് യാത്രക്കാരും ട്രെയിനിലേക്ക് മാറിയിരിക്കുകയാണ്. എന്നിട്ടും ആവശ്യത്തിന് കോച്ചുകൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. എട്ട് കോച്ചുകളാണ് മെമുവിനുള്ളത്. 12 കോച്ച് അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെനാളത്തെ പഴക്കമുണ്ട്.
ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7.20ന് പാലക്കാട് ജങ്ഷനിൽനിന്ന് പുറപ്പെടുന്ന മെമു 10.15 ഓടെ എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് പകൽ 2.45ന് പുറപ്പടുന്ന വണ്ടി ഏകദേശം 6.20ന് പാലക്കാട്ടുമെത്തും. ഈ റൂട്ടിലെ പാലപ്പുറം ഒഴികെയുള്ള സ്‌റ്റോപ്പുകളിൽനിന്ന് നിരവധിപേരാണ് കയറുന്നത്. പാലക്കാട്ടുനിന്ന് പുറപ്പെടുമ്പോൾതന്നെ വണ്ടി നിറയും. തൃശൂർ മെഡിക്കൽ കോളേജ്, അമല ആശുപത്രി, ജൂബിലി മിഷൻ ആശുപത്രി എന്നിവയെ ആശ്രയിക്കുന്ന രോഗികളും അവരുടെ കൂടെപ്പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. അർബുദ ബാധിതരും വൃക്കരോഗത്തിന് ഡയാലിസിസ് ചെയ്യുന്നവരുമാണ് ഏറെയും. വിദ്യാർഥികളും സർക്കാർ–സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും ദുരിതത്തിലാണ്. രാവിലെ 5.20ന്റെ ആലപ്പി എക്‌സ്‌പ്രസാണ് എറണാകുളത്തേക്കുള്ള ആദ്യവണ്ടി. പിന്നെയുള്ളത് എട്ടിനുള്ള ദീർഘദൂര വണ്ടികളാണ്. ഇവ കൃത്യസമയത്ത് എത്തുമെന്നുറപ്പില്ലാത്തതിനാൽ യാത്രക്കാരുടെ പ്രധാന ആശ്രയമാണ് മെമു. എംപിമാരായ വി കെ ശ്രീകണ്‌ഠൻ, സുരേഷ് ഗോപി, റെയിൽവേ ഡിആർഎം എന്നിവർക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പാലക്കാട് ജില്ലാ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഹജീഷ് പറഞ്ഞു.










0 comments