ad
Deshabhimani

സിക്കിം തുരങ്ക ​​​ദുരന്തം; അനീഷ്‌ മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് നാട്

aneesh mohan sikkim

സിക്കിമിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അനീഷ്‌ മോഹനന്റെ മൃതദേഹം കോട്ടയം പാമ്പാടിയിലുള്ള വീട്ടിൽ എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 25, 2026, 11:28 AM | 2 min read

പാമ്പാടി : സിക്കിമിലുണ്ടായ തുരങ്ക ദുരന്തത്തിൽ മരിച്ച എൻഎച്ച്‌പിസി സീനിയർ മാനേജരും ജിയോളജിസ്‌റ്റുമായ അനീഷ്‌ മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ശനി രാവിലെ വിമാനമാർഗമാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. വെള്ളി രാത്രി കൊൽക്കത്തയിൽ നിന്ന്‌ പുറപ്പെട്ട എയർഇന്ത്യ വിമാനത്തിലാണ്‌ മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചത്‌. രാവിലെ പത്തോടെ പ്രത്യേക ആംബുലൻസിൽ മൃതദേഹം പാമ്പാടിക്ക്‌ സമീപം പത്താഴക്കുഴി കൊച്ചുമറ്റത്തെ കൂരോത്തുപറമ്പിൽ വീട്ടിലേക്ക് കൊണ്ടുന്നു. പകൽ രണ്ടോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.

നിരവധി പേരാണ് അനീഷിന് അന്ത്യോപചാരം അർപ്പിക്കാനായി വീട്ടിലേക്കെത്തുന്നത്. സിക്കിമിലെ നാംചി ജില്ലയിലെ എൻഎച്ച്‌പിസിയുടെ നേതൃത്വത്തിലുള്ള നിർമാണത്തിനിടെ ഭൂമിക്കടിയിലുണ്ടായ മീഥൈൻ വാതക സ്‌ഫോടനത്തിലാണ്‌ അനീഷ്‌ മോഹൻ മരിച്ചത്‌. ദേശീയ ജലവൈദ്യുത കോർപറേഷന്റെ ടീസ്‌ത ഫൈവ്‌ ഹൈട്രോ ഇലക്‌ട്രിക്‌ പ്രോജക്‌ടിന്റെ ഭാഗമായി റിസർവോയറിൽ നിന്ന്‌ പവർഹ‍ൗസിലേക്ക്‌ വെള്ളം എത്തിക്കുന്നതിനായാണ്‌ ടണൽ നിർമിച്ചത്‌. 20 പേരാണ് അപകടത്തിൽ മരിച്ചത്.


​എൻഎച്ച്‌പിസിയിൽ സീനിയർ മാനേജരായ അനീഷ്‌ മോഹൻ മികച്ച ശാസ്‌ത്രലേഖകനും വ്ലോഗറുമാണ്‌. 2001–04 കാലയളവിൽ കോട്ടയം ഗവ. കോളേജിൽ നിന്നാണ്‌ ബിഎസ്‌സി ജിയോളജി പൂർത്തിയാക്കിയത്‌. ഏഴു മാസം മുൻപാണ്‌ ഹരിയാനയിൽനിന്ന്‌ സിക്കിമിലേക്ക്‌ സ്ഥലംമാറ്റം ലഭിച്ചത്‌.


നൊമ്പരത്തോടെ നാട്‌; വിട പറഞ്ഞത്‌ ‘സയന്റിഫിക് മലയാളി’


ശാസ്‌ത്രത്തിന്റെ ചൂടും ചൂരും സാധാരണക്കാരിലേക്ക് ലളിതഭാഷയിൽ പകർന്ന ‘സയന്റിഫിക് മലയാളി'യായിരുന്നു പാമ്പാടി പത്താഴക്കുഴി കൂരോത്ത് പറമ്പിൽ അനീഷ് മോഹൻ. സങ്കീർണമായ ശാസ്ത്രസത്യങ്ങളെ, പ്രപഞ്ചത്തിന്റെ വിസ്മയങ്ങളെ ലളിതമായ കഥകളിലൂടെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ധന്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.


aneesh sikkimസിക്കിമിലെ തുരങ്ക നിർമ്മാണ സൈറ്റിൽ സഹപ്രവർത്തകർക്കൊപ്പം അനീഷ് മോഹൻ (ഇടത്തുനിന്ന് മൂന്നാമത്).


കോട്ടയം നാട്ടകം ഗവ. കോളേജിൽനിന്ന് 2001–-04 കാലയളവിൽ ബിഎസ്‌സി ജിയോളജി പൂർത്തിയാക്കിയ അനീഷ്, താൻ ആർജ്ജിച്ച അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കാനാണ്‌ 'സയന്റിഫിക് മലയാളി' എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്‌. ഫോർമുല വൺ കാറുകൾ മുതൽ ഗോസ്റ്റ് മിസൈലുകൾ വരെയും, യുഎഫ്ഒ മുതൽ അന്യഗ്രഹ ജീവികൾ വരെയുമുള്ള വിസ്മയലോകം അദ്ദേഹം ആ ചാനലിലൂടെ തുറന്നിട്ടു. ശാസ്ത്രത്തോട് താൽപര്യമില്ലാത്ത സാധാരണക്കാരെപ്പോലും പിടിച്ചിരുത്തുന്ന മാന്ത്രികത ആ അവതരണത്തിനുണ്ടായിരുന്നു. നാട്ടിലെത്തുമ്പോൾ അയൽപക്കത്തെ കൊച്ചുകുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കാനും ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന് സ്നേഹത്തോടെ വഴിനടത്താനും എന്നും മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് അവരുടെ 'അനീസ് ചേട്ടൻ'.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home