മുസ്ലിം ഇതര അംഗങ്ങൾ വഖഫ് ബോർഡിൽ വേണ്ട എന്ന് പറയുന്നവർ വർഗീയവാദികളാണോ? മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവ്

പിണറായി വിജയൻ
തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ അംഗങ്ങളാക്കിയതിൽ മുഖ്യമന്ത്രി വി ഡി സതീശൻ അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. താൻ വർഗീയത പ്രചരിപ്പിച്ചുവെന്ന ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. മുസ്ലീം ഇതര അംഗങ്ങൾ വഖഫ് ബോർഡിൽ വേണ്ട എന്ന് ആവർത്തിക്കുന്ന എല്ലാവരും വർഗീയവാദികളാണോ? വ്യക്തമായ മലക്കംമറിച്ചിലാണ് വഖഫ് വിഷയത്തിൽ യുഡിഎഫ് നടത്തിയത്. അത് ചോദ്യംചെയ്യുന്നത് വർഗീയവാദമോ ന്യൂനപക്ഷ പ്രീണനമോ ആകുമോ? അങ്ങനെയെങ്കിൽ, സംഘപരിവാറിന്റെ നാവ് കടമെടുത്ത് മുഖ്യമന്ത്രി സംസാരിക്കുകയാണെന്ന് പറയേണ്ടിവരുമെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുക എന്ന നിലപാട് ബിജെപിയുടേതാണ്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഒരു ബിജെപി ഇതര സർക്കാർ എന്ന നിലയ്ക്ക് ഈ നിയമഭേദഗതി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായാണ് കേരളത്തെ യുഡിഎഫ് സർക്കാർ മാറ്റി. കേന്ദ്രസർക്കാരിന്റെ നിയമഭേദഗതി അംഗീകരിക്കുന്ന നിലപാടാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇത് വ്യക്തമായ സംഘപരിവാർ സേവയാണ്. ഇത് തുറന്നുകാട്ടപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്.
എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസസ്വാതന്ത്ര്യമാണ് എൽഡിഎഫ് സർക്കാരും, നേരത്തെ മുഖ്യമന്ത്രി എന്ന നിലയിൽ താനും സ്വീകരിച്ചത്. അതിൽ അണുകിട വ്യത്യാസം വന്നിട്ടില്ല. ഓരോവിഭാഗത്തിന്റെയും മതസ്ഥാപനങ്ങൾ കൈകാര്യംചെയ്യുന്നതിന് അതത് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഭരണസമിതികളാണ് കാലാകാലങ്ങളായി ചുമതല നിർവഹിച്ചുവന്നിരുന്നത്.
വഖഫ് നിയമത്തിൽ മുൻപ് പല പരിഷ്കാരങ്ങൾ വന്നപ്പോഴും അപ്പോഴൊന്നും വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിലുള്ളവരെ അംഗങ്ങളാക്കിയിട്ടില്ല. ഒരു നൂറ്റാണ്ടിലേറെയായി തുടർന്നുവരുന്ന സമ്പ്രദായം മാറ്റാനാണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽവന്നപ്പോൾ ഭേദഗതിയിലൂടെ കൊണ്ടുവന്നത്. അതിനോട് വിയോജിക്കുക എന്നത് വർഗീയത പ്രചരിപ്പിക്കലാണോ? എന്നാൽ ബിജെപി സർക്കാരിനോട് യോജിച്ചുപോകുന്നത് സംഘപരിവാർ അജണ്ടയ്ക്ക് മുന്നിലുള്ള നഗ്നമായ കീഴടങ്ങലല്ലേ? ഒരു കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാമോ? - പ്രതിപക്ഷനേതാവ് ചോദിച്ചു.
അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോൾ ആ ഘട്ടത്തിൽതന്നെ അന്ന് അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. ഒരു മതവിഭാഗത്തിനെതിരെയും ഇത്തരമൊരു കടന്നുകയറ്റം പാടില്ല എന്ന നിലയിലാണ് ആ എതിർപ്പ് ഉയർന്നത്. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിയമസഭ ഏകകണ്ഠമായി ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. അമുസ്സീങ്ങളെ വഖഫ് ബോർഡിൽ നിയമിക്കണമെന്ന നിയമഭേദഗതി അതേപടി അംഗീകരിച്ച് നടപ്പാക്കുകയല്ല അന്ന് എൽഡിഎഫ് സർക്കാർ ചെയ്തത്. അതിനെതിരെ സാധ്യമാകുന്ന എല്ലാ പോരാട്ടങ്ങളും നടത്തി. ആ വസ്തുതകൾക്കുനേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന പരിപാടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.
പാർലമെന്റിൽ വഖഫ് ഭേദഗതിബിൽ പരിഗണനയ്ക്ക് വന്നപ്പോൾ ഇടതുപക്ഷ എംപിമാർ ശക്തമായ എതിർപ്പുയർത്തി. അന്ന് കോൺഗ്രസ് എംപിമാർക്കും ഇതേ നിലപാടായിരുന്നു. പക്ഷേ ഭരണമാറ്റത്തിന് ശേഷം മുൻപ് പറഞ്ഞ അതേ നിലപാട് താൻ ആവർത്തിച്ചപ്പോൾ, തന്നെ വർഗീയവാദിയായി മുദ്രകുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.
വഖഫ് നിയമഭേദഗതിക്കെതിരായി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉയർന്നുവന്ന ആശങ്കകളെ വർഗീയതയാണ് എന്ന് അധിക്ഷേപിക്കുന്നത് സംഘപരിവാർ രാഷ്ട്രീയമാണ്. പുതിയ നിയമഭേദഗതിയിലൂടെ വഖഫ് ബോർഡിൽ മുസ്ലിം സമുദായത്തിൽനിന്നുള്ള അംഗങ്ങൾ ന്യൂനപക്ഷമായി മാറാനുള്ള സാധ്യതയാണ് അന്ന് എൽഡിഎഫ് സർക്കാർ ചൂണ്ടിക്കാട്ടിയത്. യുഡിഎഫ് സർക്കാരിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.










0 comments