ad
Deshabhimani

യുഎസ് വിസയ്ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്തിയ നടപടിക്ക് വീണ്ടും തിരിച്ചടി; ട്രംപിന്റെ ആവശ്യം അപ്പീൽ കോടതിയും തള്ളി

h1b
വെബ് ഡെസ്ക്

Published on Jul 25, 2026, 11:48 AM | 1 min read

വാഷിംഗ്ടൺ: വിദേശത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾക്ക് എച്ച്-1ബി വിസ അനുവദിക്കുന്നതിന് 100,000 യുഎസ് ഡോളർ ഫീസ് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് വീണ്ടും തിരിച്ചടി.


ഫീസ് റദ്ദാക്കിക്കൊണ്ടുള്ള കീഴ്ക്കോടതി വിധി തടയണമെന്ന യു എസ് ഫെഡറൽ സർക്കാരിന്റെ ആവശ്യം അപ്പീൽ കോടതി തള്ളി. ബോസ്റ്റൺ ആസ്ഥാനമായുള്ള ഫസ്റ്റ് സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് സർക്കാരിന്റെ ഹർജി നിരസിച്ചത്. ഏകദേശം 83ലക്ഷത്തിലധികം രൂപയാണ് എച്ച്-1ബി വിസകൾ അനുവദിക്കുന്നതിന് ഡൊണൾഡ് ട്രംപ് ഭരണകൂടം ചുമത്തിയിരുന്നത്.


യുഎസ് പാർലമെന്റിന്റെ അനുമതിയില്ലാതെ ഇത്തരം ഒരു വൻ തുക ഫീസ് ഏർപ്പെടുത്തിയത് നിയമവിരുദ്ധമായ നികുതി ചുമത്തലാണെന്ന് കോടതി പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 20സംസ്ഥാനങ്ങളാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്.


കേസിന്റെ പശ്ചാത്തലം


കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പുതിയ എച്ച്-1ബി വിസകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കിയത്. 2026ജൂൺ 8-നാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ ടി സൊറോക്കിൻ ട്രംപിന്റെ ഈ ഉത്തരവ് റദ്ദാക്കിയത്.ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.


എന്താണ് എച്ച്-1ബി വിസ


ഐ ടി ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ വിദേശ തൊഴിലാളികളെ കണ്ടെത്താനും റിക്രൂട് ചെയ്യാനും അമേരിക്കൻ കമ്പനികളെ സഹായിക്കുന്ന വിസയാണിത്. ഇന്ത്യ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പ്രൊഫഷണലുകളാണ് ഈ വിസ ഉപയോഗിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്നത്.


പ്രതിവർഷം 65,000 സാധാരണ എച്ച്-1ബി വിസകളും ഉന്നത വിദ്യാഭ്യാസമുള്ളവർക്കായി 20,000 അധികം വിസകളുമാണ് അനുവദിച്ച് വന്നിരുന്നത് .സാധാരണയായി 2,000മുതൽ 5,000ഡോളർ വരെ മാത്രമാണ് ഇതിന്റെ ഫീസ്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ മനോഭാവത്തിന്റെ തുടര്‍ച്ചയായാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതും നടപ്പാക്കാൻ ശ്രമിച്ചതും.


തദ്ദേശീയമായി വിദഗ്ധരെ ലഭിക്കാതിരിക്കെ തന്നെ വിദേശത്തുനിന്ന് എത്തുന്നവരെ കുറയ്ക്കുകയും വലിയ ഫീസ് ഏര്‍പ്പെടുത്തി നിയന്ത്രിക്കയും ആയിരുന്നു ലക്ഷ്യം. വൻകിട ഐടി കമ്പനികൾ ഉൾപ്പെടെ ഇതുകാരണം പ്രതിസന്ധി അനുഭവിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home