ad
Deshabhimani

ഹൃദയം മാറ്റിവയ്ക്കല്‍ ജില്ലാതല ആശുപത്രിയിൽ രാജ്യത്ത് ആദ്യം; ദുർ​ഗയ്ക്ക് നൽകിയത് പൂർണമായും സ‍ൗജന്യ ചികിത്സ

durga kami shibu heart transplant

ദുർഗ കാമി (ഇടത്), ഷിബു (നടുവിൽ), ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ഡോക്ടർമാർ കൊണ്ടുപോകുന്നു (വലത്)

വെബ് ഡെസ്ക്

Published on Dec 22, 2025, 06:53 PM | 2 min read

കൊച്ചി: ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി. 21കാരിയായ നേപ്പാൾ സ്വദേശിനി ദുർഗ കാമിയിൽ കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബു (47)വിന്റെ ഹൃദയം ഇനി സ്പന്ദിക്കും. രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്.


​തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസിൽ തിങ്കൾ ഉച്ചയ്ക്ക് രണ്ടോടെ പുറപ്പെട്ട ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂറിനുള്ളിൽ കൊച്ചിയിൽ പറന്നിറങ്ങി. തുടർന്ന് റോഡുമാർ​ഗം ആംബുലൻസിൽ നിമിഷങ്ങൾക്കുള്ളിൽ ഹൃദയം കൊച്ചി ജനറൽ ആശുപത്രിയിലെത്തിച്ചു. 5.30ഓടെ ശസ്ത്രക്രിയ പൂർത്തിയാക്കി.


അപൂർവ ജനിതകരോ​ഗം ബാധിച്ച ദുർഗ കാമിക്ക് ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയായി ഡോക്ടർമാർ നിർദേശിച്ചത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. ഇപ്പോള്‍ ഒരു അനുജന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ഈ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. വന്‍ ചികിത്സാ ചെലവ് കാരണമാണ് അവര്‍ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. അനുയോജ്യമായ ഹൃദയം ലഭിച്ചെങ്കിലും അയവയദാനത്തിൽ രാജ്യത്തെ പൗരന്മാർക്ക് മുൻ​ഗണന നൽകണമെന്ന കേന്ദ്രനിയമം തടസമായി. പ്രതീക്ഷകൾ അസ്തമിക്കുന്നു എന്നായപ്പോൾ ദുർ​ഗ ഹൈക്കോടതിയെ സമീപിച്ചു. പെൺകുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ ഹൈക്കോടതി അടിയന്തര ചികിത്സയ്ക്ക് നിർദേശിച്ചു. സംസ്ഥാന സർക്കാർ എല്ലാ സഹായവുമായി ഒപ്പംനിന്നു.


ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായ ഉടൻ അതിവേഗത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചു. ജില്ലാജനറൽ ആശുപത്രിയിൽ എത്തിയ ഘട്ടംമുതൽ പൂർണമായും ചികിത്സ സ‍ൗജന്യമായിരുന്നു. ഹൃദയംമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടത്തിയതും സ‍ൗജന്യമായാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനാവശ്യമായ നിർദേശങ്ങൾ നൽകി. ആരോഗ്യമന്ത്രി വീണാജോർജും വ്യവസായ മന്ത്രി പി രാജീവും തുടർനടപടികളും ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കി.


തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. കഴിഞ്ഞ രാത്രി മുതല്‍ ആരോ​ഗ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തി. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറില്‍ ആണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ട് പോയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്ന ആശുപത്രികളിലേക്കുള്ള വഴികളില്‍ റോഡ് ക്ലിയറന്‍സ് പൊലീസ് സാധ്യമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ചു. കെ സോട്ടോയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്.


വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലേയും രോഗികള്‍ക്കാണ് നല്‍കിയത്. ഇതുകൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മ്മവും നല്‍കി.


കഴക്കൂട്ടത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി ഡിസംബര്‍ 14ന് വൈകീട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ട്ക്കുന്ന് എന്ന സ്ഥലത്ത് വച്ച് സ്‌കൂട്ടറില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷിബുവിനെ ഉടന്‍ തന്നെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡിസംബര്‍ 15ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും അവയവദാനത്തിന് കുടുംബാംഗങ്ങള്‍ സമ്മതം നല്‍കുകയുമായിരുന്നു. ശകുന്തളയാണ് ഷിബുവിന്റെ അമ്മ. സഹോദരി ഷിജി എസ്, സലീവ് എസ് എന്നിവരാണ് കുടുംബാംഗങ്ങള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home