print edition തെരുവുനായ നിയന്ത്രണവും അധ്യാപകരുടെ തലയിൽ


ബിജോ ടോമി
Published on Jun 25, 2026, 12:36 AM | 1 min read
തിരുവനന്തപുരം: സ്‌കൂൾ പരിസരത്തെ തെരുവുനായകളുടെ നിയന്ത്രണം ഇനി അധ്യാപകരുടെ ഉത്തരവാദിത്വം. ഓരോ വിദ്യാലയത്തിലും തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു "നോഡൽ ഓഫീസറെ' ചുമതലപ്പെടുത്തണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. നോഡൽ ഓഫീസറുടെ പേരും ഫോൺ നമ്പറും സ്കൂൾ പ്രവേശനകവാടത്തിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തെ ഇത് അറിയിക്കുകയും വേണം.
പൊതുയിടങ്ങളിൽ തെരുവുനായകളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ, വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ചുവടുപിടിച്ചാണ് അധ്യാപകരെത്തന്നെ ഇതിനായി നിയോഗിക്കാനുള്ള തീരുമാനം. എല്ലാ സർക്കാർ, എയ്‌ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിലും നിർദേശം നടപ്പാക്കണമെന്ന് സർക്കുലറിൽ പറയുന്നു. സ്കൂൾ വളപ്പിൽ തെരുവുനായകൾ പ്രവേശിക്കുന്നത് തടയാൻ ഉയരത്തിലുള്ള ചുറ്റുമതിൽ, ഫെൻസിങ്, ഗേറ്റുകൾ എന്നിവയുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. കേടുപാടുകൾ സംഭവിച്ച മതിലുകളും ഗേറ്റുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം.
വിദ്യാലയ പരിസരത്ത് തെരുവുനായകളുടെ സാന്നിധ്യം ഉണ്ടായാൽ നോഡൽ ഓഫീസർ ഉടനെ തദ്ദേശസ്ഥാപനത്തെ അറിയിക്കണം. അത്തരം നായകളെ പിടികൂടി വന്ധ്യംകരണത്തിനും വാക്സിനേഷനും വിധേയമാക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് തദ്ദേശസ്ഥാപന അധികൃതർ മാറ്റും. നായകളെ ഒരു കാരണവശാലും തിരികെ സ്കൂൾ പരിസരത്ത് വിടാൻ പാടില്ല. നായകളെ ആകർഷിക്കുന്ന തരത്തിൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും സ്കൂൾ പരിസരത്തോ കവാടത്തിന് സമീപമോ കുന്നുകൂടാൻ അനുവദിക്കരുത്. ശാസ്ത്രീയമായ മാലിന്യസംസ്കരണ രീതികൾ എല്ലാ വിദ്യാലയങ്ങളിലും കർശനമായി പാലിക്കണം.
തെരുവുനായകളോട് ഇടപെടുമ്പോൾ പാലിക്കേണ്ട സുരക്ഷാ രീതികൾ, നായ കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷകൾ, ഉടൻ റിപ്പോർട്ട് ചെയ്യേണ്ട രീതികൾ എന്നിവയെക്കുറിച്ച് സ്‌കൂളിൽ ബോധവൽക്കരണം നടത്തണം. ക്ലാസുകൾ സംഘടിപ്പിക്കണം. തദ്ദേശ സ്ഥാപനത്തിൽനിന്ന് മൂന്ന് മാസത്തിലൊരിക്കൽ സ്കൂൾ പരിസരങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്ന് മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നും സർക്കുലറിൽ ഉണ്ട്.









0 comments