print edition പടരുന്നു പകർച്ചവ്യാധികൾ; പ്രതിരോധമില്ലാതെ സർക്കാർ

തിരുവനന്തപുരം: അധികാരത്തിലെത്തി ഒരു മാസം പിന്നിടുമ്പോൾ യുഡിഎഫ് സർക്കാരിന്റെയും മന്ത്രി കെ മുരളീധരന്റെയും കെടുകാര്യസ്ഥതയിൽ ആരോഗ്യരംഗം തീവ്രപരിചരണവിഭാഗത്തിൽ. ഇൗ സർക്കാർ വന്ന ശേഷം സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിൽ 87 പേർ മരിച്ചു. ജൂൺ മാസത്തിൽ മാത്രം മരിച്ചത് 72 പേർ. പ്രതിദിനം മൂന്നുപേരെങ്കിലും മരിക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ വ്യക്തം.
മെയ് 19മുതൽ ശനിയാഴ്‌ചവരെ 2.96ലക്ഷം പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. ഇതിൽ, 1,736പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 4,430പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 11പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇതിൽ, ഏഴുപേരുടെ പരിശോധനാഫലം വന്നിട്ടില്ല. 16പേർ വീതം ഇൻഫ്ലുവൻസ രോഗവും എലിപ്പനിയും ബാധിച്ച് മരിച്ചു.
സർക്കാർ അധികാരമേൽക്കുന്ന ദിവസം അഞ്ചുപേർക്ക് മാത്രം സ്ഥിരീകരിച്ച ഷിഗല്ല ദിവസങ്ങൾകൊണ്ട് പത്തിരട്ടിയായി. മുപ്പത് ദിവസത്തിനുള്ളിൽ 155 പേർക്കാണ് രോഗബാധ. അഞ്ചുപേർ മരിച്ചു. കഴിഞ്ഞവർഷം ജൂൺ മാസത്തിലെ മഴക്കാല പകർച്ചവ്യാധി മരണങ്ങളുടെ ഇരട്ടിയിലധികമാണ് ഇത്തവണത്തേത്. മഴക്കാലപൂർവ ശുചീകരണം നടപ്പാക്കാത്തതാണ് രോഗവ്യാപനം കടുപ്പിച്ചത്.
മഴമാറി തുടങ്ങിയപ്പോഴാണ് ഡ്രൈഡേ ആചരിക്കാനും ശുചീകരണത്തിനും ആഹ്വാനം ചെയ്തത്. ശുചീകരണം നടത്താത്തതിന് തദ്ദേശവകുപ്പിനുമേൽ പഴിചാരുകയാണ് മന്ത്രി കെ മുരളീധരൻ. ഇതിനിടയിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റി മറ്റൊരാളെ നിയമിച്ചത് പ്രതിരോധ പ്രവർത്തനം താളം തെറ്റിച്ചു. ഡോക്ടർമാരുടെ നിയമനവും അവതാളത്തിലായി. അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് വന്നിട്ടും കെ ജെ റീനയെ ചുമതലയേൽക്കാൻ മന്ത്രി നിയമിച്ച താൽക്കാലിക ഡയറക്‌ടർ അനുവദിക്കുന്നില്ല. ഇതുകാരണം പകർച്ചവ്യാധി പ്രതിരോധ യോഗം ഉൾപ്പെടെ മാറ്റി.
ഭീതിപടർത്തി ഷിഗല്ല; ഒരു മരണം കൂടി
സംസ്ഥാനത്ത് ഭീതിപടർത്തി വീണ്ടും ഷിഗല്ല മരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്‌ച മരിച്ച കോഴിക്കോട് മാവൂർ സ്വദേശിയായ 55-കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം ഷിഗല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. നിലവിൽ ഏഴുപേർക്ക് രോഗബാധയുണ്ട്. ഗുരുവായൂരിൽ 67-കാരൻ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഞായറാഴ്ച മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുടെ മരണവും അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയമുണ്ട്. പുതുതായി 75 പേർക്ക് ഡെങ്കിപ്പനിയും 27 പേർക്ക് മഞ്ഞപ്പിത്തവും ഏഴുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.










0 comments