ശശി തരൂർ പറഞ്ഞത് ശരിയാണെന്ന് വസ്‌തുതകൾ വിലയിരുത്തുന്നവർക്ക് അറിയാം: ഇ പി ജയരാജൻ

കണ്ണൂർ: കേരളം നിക്ഷേപസൗഹൃദമാണെന്ന് അനുഭവസ്ഥർ വസ്‌തുതകൾ നിരത്തി പറയുമ്പോൾ കോൺഗ്രസിലെ ചില നേതാക്കൾക്ക് അസഹിഷ്‌ണുതയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. ശശി തരൂർ പറഞ്ഞത് ശരിയാണെന്ന് വസ്‌തുതകൾ വിലയിരുത്തുന്നവർക്ക് അറിയാം. കോൺഗ്രസിലെ തന്നെ ഭൂരിപക്ഷം ആളുകളും ശശിതരൂരിന്റെ അഭിപ്രായത്തിനൊപ്പമാണ്. തങ്ങളുടെ വ്യക്തിതാത്‌പര്യത്തിന് വേണ്ടിയാണ് കോൺഗ്രസിലെ ചില നേതാക്കൾ അസഹിഷ്‌ണുത പ്രകടിപ്പിക്കുന്നത്. ഇവർ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുകയാണ്. അതിനാലാണ് സർക്കാരിന്റെ ഭരണനേട്ടങ്ങളെ ഭയക്കുന്നത്. അതുകൊണ്ട് വികസനോന്മുഖമായ നിക്ഷേപകരെ തിരിച്ചയക്കാനുള്ള പ്രവർത്തനമാണ് കോൺഗ്രസിലെ ചില നേതാക്കൾ നടത്തുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.
സങ്കുചിത രാഷ്‌ട്രീയം വെടിഞ്ഞ് കോൺഗ്രസ് കേരളത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും ഇ പി ആവശ്യപ്പെട്ടു.വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ ആണ് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി പ്രകീർത്തിച്ചത്. സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ‘ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ് കണക്കുകൾ ഉദ്ധരിച്ച് പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം വിവരിച്ചത്.
ഇതോടെ ശശി തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചിലർ ഹൈക്കമാൻഡിന് പരാതി നൽകി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ മുരളീധരനും അടക്കമുള്ള നേതാക്കൾ തരൂരിനെ തള്ളിപ്പറഞ്ഞു. അതേസമയം കെപിസിസി ഔദ്യോഗികമായി പരാതി നൽകില്ലെന്ന് പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി.











0 comments