print edition എസ്‌ഐആറിനായി കുട്ടികളെ ഇറക്കുന്നത്‌ തുടരുന്നു ; വോട്ടർമാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന്‌ പരാതി

Enumaration Form FAQ
വെബ് ഡെസ്ക്

Published on Nov 28, 2025, 01:47 AM | 1 min read


തിരുവനന്തപുരം

വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയ്‌ക്കായി കുട്ടികളെ പണിക്കിറക്കുന്നത്‌ തുടരുന്നു. റിട്ടേണിങ്‌ ഓഫീസർമാരുടെ നിർദേശപ്രകാരമാണ്‌ കോളേജുകളിൽനിന്നും സ്കൂളുകളിൽനിന്നും വിദ്യാർഥികളെ ഇറക്കുന്നത്‌. എൻഎസ്എസ്, എൻസിസി, തെരഞ്ഞെടുപ്പ്‌ സാക്ഷരതാ ക്ലബ്ബുകൾ എന്നിവയിലുൾപ്പെട്ടവരെ ‘സാമൂഹ്യസേവനം’എന്നപേരിൽ ഉദ്യോഗസ്ഥരുടെ ജോലി ചെയ്യിക്കുകയാണ്‌.


ഫോം വിതരണം, ഫോം പൂരിപ്പിക്കൽ, ഡിജിറ്റൈസേഷന്‌ ബിഎൽഒമാരെ സഹായിക്കൽ എന്നിവയാണ്‌ കുട്ടികളെക്കൊണ്ട്‌ ചെയ്യിക്കുന്നത്‌. സന്നദ്ധരെയും സമയവുമുള്ളവരെയും മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നും ബിഎൽഒ-മാരുടെ ജോലിഭാരം കുറയ്ക്കുകയാണ്‌ ലക്ഷ്യമെന്നുമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശദീകരണം.


കുട്ടികളുടെ പഠനസമയം അപഹരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ സംസ്ഥാനത്തുയരുന്നത്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ ആസൂത്രണപ്പിഴവ്‌ മറയ്‌ക്കാൻ വിദ്യാർഥികളെ ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥിസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌. രഹസ്യസ്വഭാവമുള്ള ‘ബിഎൽഒ ആപ്പി'ന്റെ ലോഗിൻ ഐഡി വിദ്യാർഥികൾക്കും റവന്യൂ ഉദ്യോഗസ്ഥർക്കുംകൂടി തുറന്നുകൊടുക്കാനുള്ള തീരുമാനവും വിവാദത്തിലാണ്‌. ഇത് കമീഷന്റെ ഡാറ്റാ സുരക്ഷയെ ബാധിക്കുമെന്ന്‌ വിദഗ്‌ധർ പറയുന്നു. പരിശീലനം നേടാത്തവർ ഡിജിറ്റൈസേഷൻ നടത്തുമ്പോഴുണ്ടാകുന്ന പിഴവ്‌ നിരവധിപേരുടെ വോട്ടവകാശം ഇല്ലാതാക്കുമെന്നും പറയുന്നു. ഇതൊന്നും കമീഷൻ മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ല.


ഡിസംബർ നാലുവരെ സമയം അനുവദിച്ചിരുന്ന പുനഃപരിശോധനാ പ്രവർത്തനം 28-നകം പൂർത്തിയാക്കാനാണ്‌ ഇപ്പോൾ കലക്ടർമാർ നിർദേശിക്കുന്നത്. എന്യൂമറേഷൻ ഫോം പൂരിപ്പിക്കാനും നിലവിലെ പട്ടികയുമായി ഒത്തുനോക്കാനും സഹായിച്ചിരുന്ന ഫെസിലിറ്റേഷൻ ക്യാമ്പുകൾ 28വരെ മാത്രമേ ഉണ്ടാകൂ എന്നും അറിയിച്ചിട്ടുണ്ട്. തീവ്ര പുനഃപരിശോധനയിൽ ബിഎൽഒമാരായി പൊതുവിദ്യാഭ്യാസ വകുപ്പിലെ 5,623 പേരെയാണ്‌ നിയോഗിച്ചത്‌. ഇതിൽ 2938 അധ്യാപകരും 2104 അനധ്യാപകരും 581 ഇതരജീവനക്കാരും ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home