എഞ്ചിനീയറിംഗ് - ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ; കീം 2026 വിജയകരമായി പൂർത്തിയായി

തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള സംസ്ഥാനതല കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ (കീം -2026) വിജയകരമായി പൂർത്തിയായി. ഏപ്രിൽ 17 മുതൽ 22 വരെ നടന്ന പരീക്ഷ പൂർത്തീകരണത്തെ സംബന്ധിച്ച് പ്രവേശന പരീക്ഷാ കമീഷണർ പത്രക്കുറിപ്പ് പുറത്തിറക്കി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 8086 അപേക്ഷകരുടെ വർധനവുണ്ടായിട്ടുണ്ട്. കേരളത്തിൽ 95,016 പേരും, വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമായി 1684 പേരും
എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതി. ബി.ഫാം പ്രവേശനത്തിനായി കേരളത്തിൽ 30,970 പേരും വിദേശത്തെയും ഇതര സംസ്ഥാനങ്ങളിലേയും കേന്ദ്രങ്ങൾ വഴി 171 പേരും ഹാജരായി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ നടത്തിപ്പിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദുബായിൽ സ്കൂളുകൾ അടച്ചിരുന്നതിനാലും യുദ്ധഭീഷണി നിലനിന്നിരുന്നതിനാലും പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥികൾക്കായി ഷാർജയിൽ പുതിയ സെന്റർ അനുവദിച്ചു.
വിമാന സർവീസുകൾ മുടങ്ങിയതിനെത്തുടർന്ന് കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്കായി യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ കേന്ദ്രങ്ങൾ കണ്ടെത്തി പരീക്ഷ നടത്തി. ഇന്ത്യൻ എംബസികളിലെ ഉദ്യോഗസ്ഥരുടെ സേവനം പരീക്ഷാ നടത്തിപ്പിൽ വലിയ പങ്കുവഹിച്ചു.
കേരളത്തിലുടനീളം 152 പരീക്ഷാ കേന്ദ്രങ്ങളിലായി 192 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. കോഴിക്കോട് ജില്ലയിൽ ലബോറട്ടറികളുടെ കുറവ് പരിഹരിക്കാൻ കെൽട്രോണിന്റെ സഹായത്തോടെ താല്കാലിക ലാബുകൾ സ്ഥാപിച്ചു. സി-ഡിറ്റ് വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷ നടന്നത്. അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധനക്കായി അക്ഷയ ടീമിനെയും വിവിധ സ്ഥാപനങ്ങളെയും നിയോഗിച്ചിരുന്നു.
കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല അവലോകന യോഗങ്ങളും പോലീസ്, കെഎസ്ആർടിസി, കെഎസ്ഇബി എന്നീ വകുപ്പുകളുടെ സഹകരണവും പരീക്ഷാ നടത്തിപ്പ് സുഗമമാക്കിയതായി പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു. പരീക്ഷ വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും കമ്മീഷണർ നന്ദി രേഖപ്പെടുത്തി.










0 comments