ad
Deshabhimani

print edition തന്ത്രിയെ ‘രക്ഷിക്കാൻ’ ഇഡി

enforcement directorate
വെബ് ഡെസ്ക്

Published on Jan 23, 2026, 03:18 AM | 2 min read


കൊച്ചി

ശബരിമല സ്വർണമോഷണക്കേസിലെ കള്ളപ്പണം ഇടപാട്‌ സംബന്ധിച്ച അന്വേഷണത്തിലെ ആദ്യഘട്ട ചോദ്യംചെയ്യലിൽനിന്ന്‌ തന്ത്രി കണ്‌ഠര്‌ രാജീവരെ ഒഴിവാക്കാൻ ഇഡി. അടുത്തയാഴ്‌ചമുതൽ കേസിലെ പ്രതികളെ ചോദ്യംചെയ്യാനാണ്‌ നീക്കം. തൽക്കാലം തന്ത്രിയെ ഒഴിവാക്കാനുള്ള നിർദേശം ഡൽഹിയിലെ ഇഡി ആസ്ഥാനത്തുനിന്ന്‌ അന്വേഷകസംഘത്തിന്‌ ലഭിച്ചതായാണ്‌ വിവരം. ഉണ്ണിക്കൃഷ്‌ണൻ പോറ്റി, ജ്വല്ലറി ഉടമ ഗോവർധൻ, ചെന്നൈ സ്‌മാർട്ട്‌ ക്രിയേഷൻസ് ഉടമ പങ്കജ്‌ ഭണ്ഡാരി എന്നിവരെയാണ്‌ ആദ്യഘട്ടത്തിൽ ചോദ്യംചെയ്യുക.


കേസിൽ കേരളത്തിലും പുറത്തുമായി ചൊവ്വാഴ്‌ച ഇഡി നടത്തിയ പരിശോധനയിലും തന്ത്രിയെ ഒഴിവാക്കി. പ്രധാന പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ പ്രധാന പങ്കാളിയായ തന്ത്രിയെ കേസിൽനിന്ന്‌ ഒഴിവാക്കുകയാണ്‌ ഇഡി ലക്ഷ്യമെന്ന്‌ വെളിപ്പെടുന്നതാണ്‌ ഇ‍ൗ നടപടി. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പപാളിയിലെയും സ്വർണംമോഷ്ടിച്ച കേസിൽ അറസ്റ്റിലായ തന്ത്രി മുഖ്യകണ്ണിയാണെന്ന്‌ എസ്‌ഐടി കണ്ടെത്തിയെങ്കിലും ഇഡി ഇക്കാര്യം പരിഗണിച്ചിട്ടില്ല.


ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടിയതായും ചെന്നൈയിലെ സ്ഥാപനത്തിൽനിന്ന് സ്വർണക്കട്ടി പിടിച്ചെടുത്തതായും ഇഡി വാർത്താക്കുറിപ്പ്‌ ഇറക്കിയിരുന്നു. പ്രതികളുടെ ബാങ്ക്‌ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലും തന്ത്രിയെ ഒഴിവാക്കി. മുരാരി ബാബുവിന്റെയും 2019ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗങ്ങളുടെയും സാന്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്‌.

രണ്ട്‌ എഫ്‌ഐആറുകളാണ്‌ കേസിൽ എസ്‌ഐടി രജിസ്‌റ്റർ ചെയ്‌തത്‌. ആദ്യത്തേതിൽ 15 പ്രതികളും രണ്ടാമത്തേതിൽ 13 പ്രതികളുമുണ്ട്‌. തന്ത്രി കുടുംബാംഗം കണ്‌ഠര്‌ രാജീവര്‌ അടക്കം 12 പ്രതികളാണ്‌ നിലവിൽ അറസ്‌റ്റിലായത്‌.


തന്ത്രിക്ക്‌ കർണാടകത്തിൽ 
ബിനാമി നിക്ഷേപമെന്ന്‌ സൂചന

ശബരിമല സ്വർണമോഷണക്കേസിൽ ജയിലിലായ തന്ത്രി കണ്‌ഠര്‌ രാജീവർക്ക്‌ കർണാടകത്തിൽ കോടികളുടെ ബിനാമി നിക്ഷേപമെന്ന്‌ സൂചന. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനുമായുള്ള ദീർഘനാളത്തെ വ്യക്തിബന്ധം വൻ സാന്പത്തിക ഇടപാടുകളിലേക്ക്‌ വളർന്നതിന്റെയും മറ്റ്‌ വ്യവസായമേഖലകളിൽ തന്ത്രി പണം മുടക്കിയതിന്റെയും തെളിവുകൾ പ്രത്യേക അന്വേഷകസംഘത്തിന്‌ (എസ്‌ഐടി) ലഭിച്ചിട്ടുണ്ട്‌.


തന്ത്രിയുടെ സാന്പത്തിക ഇടപാടുകളിൽ ഇടനിലക്കാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ്‌. ഉണ്ണിക്കൃഷ്‌ണൻപോറ്റിയും ഗോവർധനുമായി ചേർന്ന്‌ കർണാടക കേന്ദ്രമാക്കി തന്ത്രി നടത്തിയ സാന്പത്തിക ഇടപാടുകളുടെ തെളിവുകൾ നേരത്തെ എസ്‌ഐടിക്ക്‌ ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ നടത്തുന്നത്‌ ഇഡിയാണ്‌. രാജീവര്‌ തന്ത്രിസ്ഥാനം വഹിച്ചിരുന്ന ബംഗളൂരു ശ്രീരാമപുര ക്ഷേത്രത്തിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി മേൽശാന്തിയായിരുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ 2019 മെയ്‌ 18ന്‌ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക്‌ കൈമാറിയതും തന്ത്രി സന്നിധാനത്ത്‌ ഉണ്ടായിരുന്നപ്പോഴാണ്‌. ശബരിമല സ്‌പോൺസർഷിപ്പിനെന്ന പേരിൽ വൻതോതിൽ പണവും സ്വർണവും വാങ്ങുന്നതിന്‌ തന്ത്രിയുമായുള്ള അടുപ്പം പോറ്റിക്ക്‌ സഹായകമായി.


കേസിൽ 13–ാം പ്രതിയായ തന്ത്രിക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയത്‌. ഉണ്ണിക്കൃഷ്‌ണൻ പോറ്റി നടത്തിയ എല്ലാ തട്ടിപ്പും തന്ത്രിക്ക് അറിയാമായിരുന്നുവെന്നും എസ്‌ഐടി കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home