കള്ളക്കഥയുമായി ഇങ്ങോട്ട് വരരുത്! ‘കേരള സ്റ്റോറി 2’ കാണാൻ കേരളത്തിൽ ആളില്ല; ഷോകൾ റദ്ദാക്കി

തിരുവനന്തപുരം: വിദ്വേഷസിനിമയോട് മുഖം തിരിച്ച് മതനിരപേക്ഷ കേരളം. കേരളത്തെയും മുസ്ലിംമതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘ദി കേരള സ്റ്റോറി 2 -ഗോസ് ബിയോൺഡ്’ എന്ന ഹിന്ദി ചിത്രം കാണാൻ സംസ്ഥാനത്ത് ആളില്ല. വേണ്ടത്ര പ്രേക്ഷകർ ഇല്ലാത്തതിൽ കേരളത്തിൽ പലയിടത്തും സിനിമയുടെ ഷോകൾ റദ്ദാക്കി.
കൊച്ചി മരടിലെ മാളിൽ 10.10ന് ഷോ നിശ്ചയിച്ചിരുന്നു. എന്നാൽ സിനിമ കാണാൻ ആരും എത്തിയില്ല. ടിക്കറ്റ് ഓൺലൈനായോ നേരിട്ടോ ഒരാൾ പോലും വാങ്ങിയില്ല. ഇതോടെ ഷോ റദ്ദാക്കി. കോഴിക്കോട്ടും സമാനമായി പല തിയറ്റുകളിലും ഷോ റദ്ദാക്കിയിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ നാമമാത്രമായ ബുക്കിങ് മാത്രമേയുള്ളൂ.
കടുത്ത വിദ്വേഷപ്രചാരണം നടത്തുന്ന സിനിമയുടെ പ്രദർശനം ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനം തടഞ്ഞെങ്കിലും നിർമാതാക്കളുടെ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയായിരുന്നു. സിനിമയുടെ ഉള്ളടക്കം സമുദായ സൗഹാർദത്തെ ബാധിക്കുന്നതാണെന്നും വിദ്വേഷമുണ്ടാക്കുന്ന ദൃശ്യങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതെന്നും വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് റിലീസ് തടഞ്ഞിരുന്നത്. ഇതിനെതിരെ സിനിമയുടെ നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ നൽകിയ അപ്പീലിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്‌ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച സ്റ്റേ നീക്കിയത്.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ച സാഹചര്യത്തിൽ സിനിമ മുഴുവനായി കാണാതെയും ചില ക്ലിപ്പ് മാത്രം അടിസ്ഥാനമാക്കിയും റിലീസ് തടയാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കരുതി സിനിമ തടയാനാകില്ല. അത്തരം സാഹചര്യം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണ്. സെൻസർ ബോർഡ് നിർദേശപ്രകാരം തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജി മാർച്ച് 13ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
വ്യാഴം പകൽ കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സിനിമയുടെ റിലീസ് തടഞ്ഞതിനൊപ്പം ‘കേരള സ്റ്റോറി’ എന്ന് പേര് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തിയത്. പ്രദർശനാനുമതി തടഞ്ഞതിനുപിന്നാലെ രാത്രിതന്നെ പ്രത്യേക സിറ്റിങ്ങിലൂടെ ഡിവിഷൻ ബെഞ്ച് നിർമാതാവിന്റെ അപ്പീൽ പരിഗണിച്ചു.










0 comments