2025–-26 ബജറ്റിൽ കേരളം അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്കായി 180 കോടി രൂപ നീക്കിവച്ചു
നഗരമേഖലയിൽ തൊഴിലില്ലായ്മ രൂക്ഷം ; കേരളമാതൃകയിൽ പദ്ധതികൾ വേണം

തിരുവനന്തപുരം
രാജ്യത്തെ നഗരമേഖലയിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ ദേശീയതലത്തിൽ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്) സംഘടിപ്പിച്ച പ്രത്യേക വിദഗ്ധ സമ്മേളനം നിർദേശിച്ചു. നഗരങ്ങളിൽ ഗ്രാമീണ മേഖലയേക്കാൾ തൊഴിലില്ലായ്മയുണ്ട്. പരിമിതമായി തൊഴിൽ ലഭിക്കുന്നവരുടെയും തൊഴിൽരഹിതരുടെയും എണ്ണംനോക്കിയാൽ രാജ്യത്തെ തൊഴിലില്ലായ്മയുടെ തോത് 16.35 ശതമാനമാണ്.
കേരളം ഉൾപ്പടെ ഏഴു സംസ്ഥാനം നഗരമേഖലയ്‌ക്കായി പ്രത്യേക തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഒരു ദശകത്തിലേറെയായി കേരളം നടപ്പാക്കുന്ന അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിപോലെ മറ്റ് സംസ്ഥാനങ്ങളിൽ പദ്ധതികളില്ല. 2025–-26 ബജറ്റിൽ കേരളം അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്കായി 180 കോടി രൂപ നീക്കിവച്ചു. പദ്ധതിച്ചെലവ് പൂർണമായും സംസ്ഥാനങ്ങൾ വഹിക്കേണ്ട സ്ഥിതിയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ ചർച്ചകൾക്ക് നേതൃത്വം നൽകി. വികസ്വര രാജ്യങ്ങളിലെ റിസർച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫെലോ അമിതാബ് കുണ്ടു, രവി ശ്രീവാസ്തവ, പ്രൊഫ. കെ പി കണ്ണൻ, പ്രൊഫ. എ വി ജോസ്, ജിജു പി അലക്സ്, ജോസ് ചാത്തുകുളം, വിനോജ് എബ്രഹാം, ഡോ. ഷിയുലി വനജ, ഗിഫ്റ്റ് ഡയറക്ടർ കെ ജെ ജോസഫ്, ഡോ. കിരൺ കുമാർ കക്കാർലാപുടി എന്നിവർ സംസാരിച്ചു.










0 comments