ad
Deshabhimani

തൊഴിലുറപ്പ്‌ പദ്ധതി: തൊഴിൽദിനങ്ങളും വേതനവും വർദ്ധിപ്പിക്കണമെന്ന്‌ പാർലമെന്ററി സമിതി

thozhilurappu
വെബ് ഡെസ്ക്

Published on Mar 14, 2025, 09:33 PM | 1 min read

ന്യൂഡൽഹി : തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള വേതനം വർദ്ധിപ്പിക്കണമെന്നും രാജ്യമുടനീളം ഏകീകൃത നിരക്കുകൾ നടപ്പാക്കണമെന്നും പാർലമെന്ററി സമിതി ശുപാർശ. തൊഴിലുറപ്പ്‌ പദ്ധതിയിലെ കേന്ദ്രവിഹിതം വിതരണം ചെയ്യുന്നതിൽ വലിയ കാലതാമസമുണ്ടാകുന്നുണ്ടെന്നും മൊത്തം കുടിശിക 23,446.27 കോടിയാണെന്നും സമിതി ചൂണ്ടിക്കാണിച്ചു. നേരത്തെ, തൊഴിലുറപ്പ്‌ പദ്ധതിയിൽ കേരളത്തിന്‌ നൽകാനുള്ള കുടിശിക എപ്പോൾ നൽകുമെന്ന്‌ കെ രാധാകൃഷ്‌ണൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ്‌പസ്വാൻ ഈ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. കുടിശിക കുന്നുകൂട്ടി തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനാണ്‌ കേന്ദ്രസർക്കാർ നീക്കമെന്ന്‌ തെളിയിക്കുന്നതാണ്‌ പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്‌.


ജീവിതച്ചെലവുകൾ കാര്യമായി വർദ്ധിച്ച സാഹചര്യത്തിൽ വേതനം വർദ്ധിപ്പിക്കണമെന്ന്‌ പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ചെവികൊള്ളാത്തത്‌ നിരാശാജനകമാണെന്ന്‌ പാർലമെന്ററി സമിതി ചൂണ്ടിക്കാണിച്ചു. കർഷകത്തൊഴിലാളികൾക്കുള്ള ഉപഭോക്‌തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോഴും തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള വേതനം നിശ്‌ചയിക്കുന്നത്‌. എന്നാൽ, ഈ സൂചിക യഥാർഥ ജീവിതച്ചെലവുകളിലെ വർദ്ധനയും വിലക്കയറ്റത്തിന്റെ ആഘാതവും കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്ന്‌ പാർലമെന്ററി സമിതി വിലയിരുത്തി. ഈ സാഹചര്യത്തിൽ, കാലാനുസൃതമായി വേതനം വർദ്ധിപ്പിക്കാനും ഏകീകൃത നിരക്ക്‌ ഏർപ്പെടുത്താനും സർക്കാർ തയ്യാറാകണം. തൊഴിൽ ദിനങ്ങൾ 100ൽ നിന്നും 150 ആക്കി വർദ്ധിപ്പിക്കണം. പല വിഭാഗങ്ങളിലായി തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കീഴിലെ കേന്ദ്രസർക്കാർ കുടിശിക 23,446.27 കോടിയാണ്‌. ബജറ്റ്‌ വകയിരുത്തലായ 86000 കോടിയിൽ നാലിൽ ഒന്ന്‌ മുൻവർഷത്തെ കുടിശിക വിതരണം ചെയ്യാൻ വിനിയോഗിക്കണം. ഈ സാഹചര്യത്തിൽ, നടപ്പു സാമ്പത്തിക വർഷം പദ്ധതിക്ക്‌ വിഹിതം 62,553.73 കോടിയായി കുറഞ്ഞതായും സമിതി റിപ്പോർട്ടിൽ പറഞ്ഞു. കുടിശിക എത്രയും വേഗം വിതരണം ചെയ്‌തില്ലെങ്കിൽ ഗ്രാമീണ മേഖലകളിലെ പ്രയാസങ്ങൾ പരിഹരിക്കുകയെന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ അട്ടിമറിക്കപ്പെടുമെന്നും പാർലമെന്ററി സമിതി കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home