ഇടമലക്കുടിയിൽ ആരോഗ്യ പ്രവർത്തകരുടെ അടിയന്തര ഇടപെടൽ; അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു

ഇടുക്കി : ഇടമലക്കുടിയിൽ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് ആരോഗ്യ പ്രവർത്തകർ. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 18 കിലോമീറ്റർ വനത്തിനുള്ളിലെ ഇടമലക്കുടി ഉന്നതിയിൽ നിന്നും ഗർഭിണിയെ ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് പ്രസവം സുരക്ഷിതമാക്കിയത്. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. മാതൃകാപരമായ സേവനം നടത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ക്ഷയരോഗ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ തങ്ങിയ ആരോഗ്യ പ്രവർത്തകരാണ് രക്ഷകരായത്. തൊടുപുഴ മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ഡോ. എസ് ഡി അയ്യപ്പദാസ്, ഇടമലക്കുടി മെഡിക്കൽ ഓഫീസർ ഡോ. സഖിൽ രവീന്ദ്രൻ, നഴ്‌സിങ് ഓഫീസർ വെങ്കിടേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ എന്നിവർ ഉൾപ്പെട്ട മെഡിക്കൽ സംഘമാണ് എട്ടുമാസം ഗർഭിണിയായ സ്ത്രീക്ക് അടിയന്തര പരിചരണം നൽകിയത്.
നവംബർ 12 അർധരാത്രിയോടെയാണ് യുവതിയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടത്. രാത്രി 2 മണിയോടെ ഉന്നതയിൽ നിന്ന് ബന്ധുക്കൾ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഗർഭിണിയായ യുവതിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് അറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ സംഘം ഉന്നതിയിലെ വീട്ടിലെത്തി യുവതിയെ പരിശോധിച്ചു. പ്രസവ വേദനയാകാമെന്ന് മനസിലാക്കിയതിനെ തുടർന്ന് അടിയന്തിരമായി ആംബുലൻസ് എത്തിച്ച് തുടർ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിലെ പരിശോധനയിൽ പ്രസവവേദനയാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ പരിചരണം ഉറപ്പാക്കി കുഞ്ഞിന്റെ ശ്വാസകോശത്തിന്റെ വികാസത്തിന് ഉൾപ്പെടെയുള്ള മരുന്നുകൾ നൽകി. വ്യാഴാഴ്ച ഉച്ചക്ക് 12:30 മണിക്ക് യുവതി 2.5 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സോളി പി മാത്യുവിന്റെ നേതൃത്വത്തിൽ നഴ്‌സിംഗ് ഓഫീസർ ജി. മീനാകുമാരി, നഴ്‌സിംഗ് അസിസ്റ്റന്റ് ഫ്‌ളൈമി വർഗീസ്, ഗ്രേഡ് 2 അറ്റൻഡർ മിനിമോൾ പി ജി എന്നിവർ ഉൾപ്പെട്ട സംഘം പ്രസവ ചികിത്സയ്ക്ക് നേതൃത്വം നൽകി.
പ്രഥമശുശ്രൂഷ നൽകി കൃത്യസമയത്ത് ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതിനാലാണ് കുട്ടിയുടെയും അമ്മയുടെയും ജീവൻ ഒരുപോലെ രക്ഷിക്കാൻ സാധിച്ചത്.









0 comments