ad
Deshabhimani

വൈദ്യുതി നിയമഭേദഗതി: നിരക്ക്‌ വർധനയും സ്വകാര്യവൽക്കരണവും വിളിച്ചുവരുത്തും

electricity

പ്രതീകാത്മകചിത്രം

avatar
സാജൻ എവുജിൻ

Published on Oct 15, 2025, 07:26 AM | 2 min read

തിരുവനന്തപുരം: വൈദ്യുതി നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്രം നടപ്പാക്കാൻ ലക്ഷ്യമിടുന്ന പരിഷ്‌കാരങ്ങൾ വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണത്തിനും നിരക്ക്‌ വൻതോതിൽ വർധിക്കാനും ഇടയാക്കും. 2020ൽ കേന്ദ്രം കൊണ്ടുവന്ന ബിൽ കർഷകപ്രക്ഷോഭത്തെ തുടർന്ന്‌ മാറ്റിവെച്ചുവെങ്കിലും ഇപ്പോൾ കരട്‌ വൈദ്യുതി(ഭേദഗതി) ബിൽ–2025 ഉ‍ൗർജ മന്ത്രാലയം പുറത്തുവിട്ടിരിക്കയാണ്‌. വൈദ്യുതിമേഖലയിൽ കേന്ദ്രത്തിന്‌ അമിത അധികാരം നൽകാനും പൂർണമായി വാണിജ്യവൽക്കരിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഉപഭോക്താക്കളുടെ അവകാശങ്ങൾ പൂർണമായും ഹനിക്കുന്നതാണ്‌ ബിൽ. സാമൂഹ്യലക്ഷ്യങ്ങളോടെ സ്വതന്ത്ര ഇന്ത്യയിൽ കെട്ടിപ്പടുത്ത വൈദ്യുതി ചട്ടക്കൂട്‌ തകർക്കുകയും ഉൽപാദന, പ്രസരണ, വിതരണ മേഖലകൾ കോർപറേറ്റുകൾക്ക്‌ തീറെഴുതുകയും ചെയ്യുന്നതാണ്‌ നിർദ്ദിഷ്ട ബിൽ.


ബഹു ലൈസൻസുകൾ വഴി പിൻവാതിൽ


സ്വകാര്യവൽക്കരണം


മത്സരാധിഷ്‌ഠിത വിപണി പ്രോത്സാഹിപ്പിക്കാനും ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാനുള്ള അവസരം നൽകാനും എന്ന പേരിൽ ഒരേ പ്രദേശത്ത്‌ പൊതുമേഖല ശൃംഖലയ്‌ക്ക്‌ ഒപ്പം സ്വകാര്യ കമ്പനികൾക്കും ലൈസൻസ്‌ നൽകാൻ ബില്ലിൽ വ്യവസ്ഥയുണ്ട്‌. ടെലികോം മേഖലയിൽ ബിഎസ്‌എൽഎല്ലിന്‌ സംഭവിച്ച പതനം ഉ‍ൗർജമേഖലയിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക്‌ വിധിക്കാനാണ്‌ ഇ‍ൗ പരിഷ്‌കാരം. സ്വകാര്യകമ്പനികൾ വൻകിട ഉപഭോക്താക്കളെ തെരഞ്ഞെടുക്കുകയും ഗാർഹിക ഉപഭോക്താക്കളെ അവഗണിക്കുകയും ചെയ്യും. സ്വകാര്യകമ്പനികൾക്ക്‌ ഇതിനുള്ള സ്വാതന്ത്ര്യം നൽകുന്ന വകുപ്പ്‌ ബില്ലിലുണ്ട്‌. ഗാർഹിക ഉപഭോക്താക്കൾക്ക്‌ മാത്രം സേവനം നൽകേണ്ടിവരുന്നതോടെ പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലാകും. പൊതുമേഖല തകരുന്നതോടെ ഗാർഹിക ഉപഭോക്താക്കൾക്ക്‌ ഉയർന്ന നിരക്കിൽ സ്വകാര്യകമ്പനികളിൽനിന്ന്‌ വൈദ്യുതി വാങ്ങേണ്ടിവരും.


ക്രോസ്‌–സബ്‌സിഡി ഇല്ലാതാക്കൽ


ക്രോസ്‌–സബ്‌സിഡി ഇല്ലാതാക്കാനും ഇതിന്റെ ഭാരം സംസ്ഥാനങ്ങളുടെ ചുമലിൽ വയ്‌ക്കാനും കേന്ദ്രം ശ്രമിച്ചുവരികയാണ്‌. റെയിൽവേ, മെട്രോ റെയിൽ, നിർമിതോൽപന്ന വ്യവസായങ്ങൾ എന്നിവയ്‌ക്ക്‌ നൽകുന്ന സബ്‌സിഡി അഞ്ച്‌ വർഷത്തിനുള്ളിൽ നിർത്തലാക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നു. പൊതുഗതാഗത‍, ഉൽപാദന മേഖലകൾക്ക്‌ ഇത്‌ കനത്ത തിരിച്ചടിയാകും. ആത്യന്തികമായി സാധാരണക്കാരെയും ദരിദ്രജനവിഭാഗങ്ങളെയുമാണ്‌ ഇ‍ൗ നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക.


വാണിജ്യവൽക്കരണം


അടിസ്ഥാന ആവശ്യമായ വൈദ്യുതിയെ ഉ‍ൗഹാധിഷ്‌ഠിത വിൽപ്പന ചരക്കായാണ്‌ ബില്ലിൽ വിഭാവന ചെയ്യുന്നത്‌. ഉ‍ൗഹാധിഷ്‌ഠിത വ്യാപാരത്തിനായി വെർച്വൽ വിപണികൾ ഇപ്പോഴേ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്‌. വൈദ്യുതിനിരക്ക്‌ വർധിക്കാനും ഉ‍ൗർജസുരക്ഷ ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികൾ തകിടം മറിക്കാനും ഉ‍ൗഹാധിഷ്‌ഠിത വ്യാപാരം വഴിയൊരുക്കും. സുസ്ഥിര ഉ‍ൗർജമേഖലയെയും ഉ‍ൗഹക്കച്ചവടത്തിന്‌ വിധേയമാക്കാനുള്ള വിനാശകരമായ വ്യവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നു.


സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കൽ


സുസ്ഥിര ഉ‍ൗർജസ്രോതസ്സുകളുടെ ശേഷി, വിനിയോഗം, അടിസ്ഥാനസ‍ൗകര്യങ്ങൾ എന്നിവയിൽ സംസ്ഥാനങ്ങൾക്കുമേൽ കടുത്ത നിയന്ത്രണം അടിച്ചേൽപിക്കുന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷനുകളിലെ അംഗങ്ങളെ നീക്കാൻ കേന്ദ്രത്തിന്‌ അധികാരം നൽകുന്നു(വകുപ്പ്‌ 90). സംസ്ഥാനങ്ങളുടെ വൈദ്യുതിനയത്തിൽ ഇടപെടാൻ കേന്ദ്രഉ‍ൗർജ മന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിക്ക്‌ അധികാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്‌ (വകുപ്പ്‌ 166 1എ). പാർലമെന്ററി നടപടിക്രമങ്ങൾ മറികടന്ന്‌ പ്രവർത്തിക്കാൻ കേന്ദ്രത്തിന്‌ അനിയന്ത്രിത അധികാരങ്ങൾ നൽകുന്നതുമാണ്‌ ബിൽ.


വിപണിയെ അമിതമായി ആശ്രയിക്കുന്ന സംവിധാനം കൊണ്ടുവരുന്ന ബിൽ വൈദ്യുതിരംഗത്തെ സ്ഥിരതയും സ്വാശ്രയത്വവും ആസൂത്രണവും വിഭവശേഷി സമാഹരണവും അട്ടിമറിക്കും. സ്ഥിരം തൊഴിലുകൾ ഇല്ലാതാകാനും സേവനത്തിന്റെ ഗുണമേന്മ അട്ടിമറിക്കപ്പെടാനും ഇടവരുത്തും. ഒഡിഷ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇ‍ൗ സ്ഥിതിയാണ്‌. ഇ‍ൗ ബിൽ അടിയന്തരമായി ഉപേക്ഷിക്കണമെന്ന്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home