തെങ്ങിൽ കയറുന്നതിനിടെ ഷോക്കേറ്റ തൊഴിലാളിയെ രക്ഷിച്ചു

മേപ്പയൂർ: വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ തെങ്ങുകയറ്റ തൊഴിലാളിയെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷിച്ചു. മേപ്പയൂർ മഠത്തുംഭാഗം മൈത്രി നഗറിൽ തണ്ടേത്താഴകുന്നത്ത് മീത്തൽ ദാമോദരനാണ് ഷോക്കേറ്റത്. കൂളിക്കണ്ടി ബാലകൃഷ്ണന്റെ പറമ്പിലെ തെങ്ങിൽ കയറുന്നതിനിടെ തൊട്ടടുത്ത വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ദാമോദരൻ തെങ്ങുകയറ്റ യന്ത്രത്തിൽ തലകീഴായി തൂങ്ങിക്കിടന്ന നിലയിലായിരുന്നു.
ബുധൻ രാവിലെ പതിനൊന്നോടെയാണ്സംഭവം.പേരാമ്പ്രയിൽനിന്ന്‌അഗ്നിരക്ഷാസേനയെത്തുന്നതുവരെ നാട്ടുകാരായ രണ്ടുപേർ ചേർന്ന് ഇയാളെ തുണികൊണ്ട് തെങ്ങിൽ കെട്ടി താങ്ങിനിർത്തുകയായിരുന്നു. സേനാംഗങ്ങളായ ശ്രീകാന്ത്, സോജു, രജീഷ്, വിനീത് എന്നിവർ തെങ്ങിൽക്കയറി കയറും റെസ്ക്യു നെറ്റും ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി. അവശനായ തൊഴിലാളിയെ സേനയുടെ ആംബുലൻസിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.
പേരാമ്പ്ര നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ബൈജു, അഭിലജ്പത് ലാൽ, വിപിൻ, ധീരജ് ലാൽ, ഹൃദിൻ, അശ്വിൻ, ജിഷാദ്, രാജേഷ്, അനീഷ് എന്നിവർ പങ്കെടുത്തു.









0 comments