print edition പോസ്റ്റൽവോട്ട് നിഷേധം; തെരഞ്ഞെടുപ്പ് കമീഷന് രൂക്ഷ വിമർശം

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് നിഷേധിച്ചതിൽ തെരഞ്ഞെടുപ്പ് കമീഷന് ഹെെക്കോടതിയുടെ രൂക്ഷവിമർശം. കമീഷന് ഇത്ര നിർബന്ധബുദ്ധി എന്തിനെന്നും പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ ആര് അവസരം നൽകുമെന്നും ജസ്റ്റിസ് കെ വി ജയകുമാർ ചോദിച്ചു.
നിങ്ങൾക്കുവേണ്ടി സേവനംചെയ്‌ത 20,000 ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് നിഷേധിക്കപ്പെട്ടത് ഗൗരവമുള്ളതും നിർഭാഗ്യകരവുമാണ്. വോട്ടുചെയ്യാൻ അവസരം നൽകേണ്ടത് കമീഷന്റെ ചുമതലയാണ്. പ്രതിസന്ധിയുണ്ടായാൽ പരിഹരിക്കേണ്ടതും കമീഷനാണ്. ഇനി എത്രപേർ വോട്ട് ചെയ്യാനുണ്ടെന്നും കോടതി ചോദിച്ചു.
കേരള എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള സർവീസ് സംഘടനകളും ഉദ്യോഗസ്ഥരും നൽകിയ ഹർജിയാണ് ഹെെക്കോടതി പരിഗണിച്ചത്. വോട്ടെണ്ണൽ തുടങ്ങുംമുമ്പ് പോസ്റ്റൽവോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. ഉദ്യോഗസ്ഥർ പോളിങ് സ്റ്റേഷനുകളിലേക്ക് പോയശേഷമാണ് പലയിടത്തും ബാലറ്റ് എത്തിയതെന്നും തിരികെവന്ന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു.
സാധ്യമായതെല്ലാം ചെയ്‌തെന്ന് കമീഷൻ ആവർത്തിച്ചു. പൂർണമല്ലാത്ത അപേക്ഷകൾ നിരസിച്ചു. ബാലറ്റ് അനുവദിച്ചിട്ടും കെെപ്പറ്റാതിരുന്നവരുണ്ട്. ഇത്രയുംപേർ വോട്ട് ചെയ്യാനായില്ലെന്നത് വിശ്വസനീയമല്ല. കൂടുതലൊന്നും ചെയ്യാനാകില്ല – കമീഷൻ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം പരിശോധിച്ചശേഷം ഇടക്കാല ഉത്തരവിനായി ഹർജി മാറ്റി.











0 comments