വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : മംഗലപുരം ചാന്നാങ്കരയിൽ വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര പുതുവൽ വീട്ടിൽ മേഴ്സി (65) ആണ് കൊല്ലപ്പെട്ടത്. മേഴ്‌സിയുടെ മകളുടെ മകൻ ഷിബിനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വ പകൽ പത്തോടെയാണ് നാടിനെ നടുക്കിയ സംഭവം.
ചാന്നാങ്കരയിലും പരിസരപ്രദേശങ്ങളിലും മീൻകച്ചവടം നടത്തിയിരുന്ന മേഴ്സിയും ഷിബിനും ഒരേ വീട്ടിലായിരുന്നു താമസം. സ്ഥിരം മദ്യപാനിയായ ഷിബിൻ മേഴ്സിയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. സംഭവദിവസം രാവിലെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഷിബിൻ മേഴ്സിയുടെ കഴുത്തറുക്കുകയായിരുന്നു. തുടർന്ന് കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊലപാതകം നടത്തിയതായി നാട്ടുകാരോട് പറഞ്ഞു. മേഴ്സിയെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഷിബിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments